വാട്ടർ അതോറിട്ടി വൈദ്യുതി ചാർജ് കുടിശിക 2068 കോടി : 719 കോടി നൽകാൻ സർക്കാർ
തിരുവനന്തപുരം: വാട്ടർ അതോറിട്ടി വൈദ്യുതി ചാർജിനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകാനുള്ള 2068 കോടി കുടിശികയിൽ 719.16 കോടി നൽകാമെന്ന് ധന വകുപ്പ്.
ബാക്കിയുള്ള 1348.83 കോടി 10 തവണകളായി നൽകാനും അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നിർദ്ദേശിച്ചു
719.16 കോടി രൂപ മാർച്ച് 29ന് വാട്ടർ അതോറിട്ടിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നെങ്കിലും ഏഴു ദിവസത്തിനിടെ സർക്കാർ പിൻവലിച്ചിരുന്നു.
പൊതു ടാപ്പുകളുടെ എണ്ണത്തിലും കുടിശികയിലും വാട്ടർ അതോറിട്ടിയും തദ്ദേശവകുപ്പും തമ്മിലുണ്ടായിരുന്ന തർക്കത്തിന് താത്കാലിക പരിഹാരമെന്ന നിലയിലാണ് ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ നിന്ന് തുക അനുവദിച്ചത്. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കമുള്ള ആനുകുല്യങ്ങൾ നൽകാൻ തുക അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി എം.ഡി ജലവിഭവ സെക്രട്ടറിക്കും ധനകാര്യവകുപ്പിനും കത്ത് നൽകിയിരുന്നു.
ഇതു കൂടാതെ, മൂന്നു വർഷത്തെ നോൺ പ്ലാൻ ഗ്രാന്റിൽ നിന്നുള്ള 690 കോടി രൂപയും
കടിശികയാണ്. ഇതോടെ,വാട്ടർ അതോറിട്ടിയിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇ.പി.എഫ് വിഹിതവും പെൻഷനും കുടിശികയണ്. ജൽജീവൻ പദ്ധതിക്കും 4000 കോടിയിലേറെ കുടിശികയുണ്ട്
10 കോടി വീതം എസ്ക്രോ
അക്കൗണ്ടിലേക്ക്
ലഭ്യമാകുന്ന വരുമാനത്തിൽ നിന്ന് പ്രതിമാസം 10 കോടി രൂപ വീതം കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി നിക്ഷേപിക്കുന്നതിന് വാട്ടർ അതോറിട്ടി അടുത്തിടെ തുടങ്ങിയ എസ്ക്രോ അക്കൗണ്ടും വിവാദത്തിലായിരുന്നു. കെ.എസ്.ഇ.ബി വാട്ടർ അതോറിട്ടിക്ക് നൽകാനുള്ള തുകയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാതെയാണ് ഇത്തരമൊരു നീക്കമെന്ന് ജീവനക്കാർ ആരോപിക്കുന്നു.
വാട്ടർ അതോറിട്ടിക്ക് നൽകേണ്ടിയിരുന്ന 719 കോടി തട്ടിയെടുത്തതിലും നോൺ പ്ലാൻ ഗ്രാന്റ് നേടിയെടുക്കാത്തതിലും പ്രതിഷേധിച്ച് വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ ജലഭവനിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധിച്ചു. ജലഭവനിലെ ധർണ സംസ്ഥാന സെക്രട്ടറി റിജിത് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.കെ.ബൈജു, എസ്.വി.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. പെൻഷണേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 115 ദിവസത്തെ അനിശ്ചിതകാല റിലേ സത്യഗ്രഹം ഇന്ന്
ആരംഭിക്കും.