നിയമസഭാ സമ്മേളനം സെപ്തംബർ 15 മുതൽ

Saturday 23 August 2025 12:00 AM IST

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഓണത്തിനുശേഷം സെപ്തംബർ 15മുതൽ വിളിച്ചുചേർക്കാനുള്ള ശുപാർശ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. ഇതിനുള്ള നിയമസഭാ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണർക്ക് കൈമാറും. നിയമസഭ ചേരുന്നതിനു 14 ദിവസം മുൻപ് ശുപാർശ ഗവർണർക്ക് കൈമാറണമെന്നാണ് ചട്ടം. ഡിജിറ്റൽ സർവകലാശാലാ വി.സി നിയമന ഭേദഗതി അടക്കം ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമസഭ പരിഗണിക്കും. സമ്മേളനത്തിനിടെ മഹാനവമി, വിജയദശമി, ഗാന്ധി ജയന്തി അവധികൾ വരുന്നുണ്ട്. ഒക്ടോബർ അവസാനത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിടയുള്ളതിനാൽ സഭാസമ്മേളനം ഇതിന് ആനുപാതികമായി അവസാനിപ്പിക്കേണ്ടി വരും.