വാഴൂർ സോമന് ജന്മനാടിന്റെ വിട

Saturday 23 August 2025 12:42 AM IST

പീരുമേട്: അവസാനശ്വാസം വരെ തോട്ടം തൊഴിലാളികൾക്കായി പോരാടിയ പീരുമേടിന്റെ പ്രിയ ജനപ്രതിനിധി വാഴൂർ സോമൻ എം.എൽ.എയ്ക്ക് നാട് വിടനൽകി. ഇന്നലെ വൈകിട്ട് നാലോടെ ആത്മമിത്രവും എ.ഐ.ടി.യു.സി നേതാവുമായിരുന്ന എസ്.കെ.ആനന്ദന്റെ സ്മൃതികൂടീരത്തിന് സമീപം ആയിരങ്ങളെ സാക്ഷി നിറുത്തി ഭൗതികദേഹം സംസ്കരിച്ചു.

രാവിലെ വണ്ടിപ്പെരിയാർ വാളാർഡിയിലെ വീട്ടിൽ മൃതദേഹം എത്തിച്ചതുമുതൽ ജനപ്രവാഹമായിരുന്നു. രാവിലെ 11.30ന് ഭൗതിക ശരീരം വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖരടക്കം ആയിരങ്ങൾ ഇവിടെ അന്തിമോപചാരം അർപ്പിച്ചു.

സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ആദരാഞ്ജലിയർപ്പിച്ചു. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡീൻ കുര്യാക്കോസ് എം.പി, എം.എൽഎമാരായ എം.എം.മണി, എ.രാജ, സി.കെ.ആശ, കെ.യു.ജനീഷ് കുമാർ, ആന്റണി ജോൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങി നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം 3.30ന് ഭൗതിക ദേഹം വഹിച്ചുകൊണ്ട് ആരംഭിച്ച വിലാപയാത്ര വൈകിട്ട് നാലരയ്ക്ക് പാമ്പനാർ സ്മൃതി മണ്ഡപത്തിലെത്തി. സ്മൃതി മണ്ഡപത്തിനു മുന്നിലും നിരവധി പേർ കാണാനെത്തിയിരുന്നു. 4.45ന് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. തുടർന്ന് ഉച്ചത്തിൽ മുഴങ്ങിയ മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിന് വിട നൽകി.