സമൂഹമാദ്ധ്യമത്തിലൂടെ അപമാനിക്കുന്നു.......... കമ്മിഷണർക്ക് പരാതി നൽകി ടി.സിദ്ദിഖിന്റെ ഭാര്യ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി. സിദ്ദിഖ് എം.എൽ.എയുടെ ഭാര്യ ഷെറഫുന്നീസ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സിദ്ദിഖും ഷറഫുന്നീസയും മകനും ഇരിക്കുന്ന ഫോട്ടോ മോശമായി ചിത്രീകരിച്ചതിനെതിരെയാണ് പരാതി നൽകിയത്. ശശികല റഹീം, കെ.കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകൾക്കെതിരെയാണ് പരാതി. ഞാനും എന്റെ കുടുംബവും ഏതു രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണെന്ന് ഷെറഫുന്നീസ ഫേസ് ബുക്ക് കുറിപ്പിൽ ചോദിച്ചു.
''വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച കാര്യമാണോ. യോജിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തിൽ മാത്രമാണോ. ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലേ. പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങൾ ചോദിക്കാതെ ഇനി മുന്നോട്ടു പോകാൻ കഴിയില്ല. ഏതു ചീഞ്ഞുനാറിയ കഥകൾക്കൊപ്പവും ചേർത്ത് നിങ്ങൾക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ഫോട്ടോയിൽ എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെപോലും കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങൾ എനിക്കെതിരെ പ്രയോഗിക്കുന്നത്'' എന്നും ഷറഫുന്നീസ ഫേസ്ബുക്കിൽ കുറിച്ചു.