പൂജാപഠനത്തിൽ ചരിത്രം കുറിച്ചു: ക്ഷേത്രപൂജയ്ക്ക് നിയോഗം കാത്ത് ജയലക്ഷ്മി #

Saturday 23 August 2025 12:43 AM IST

തൃശൂർ: പൂജാവിധി പഠിച്ച് വൈദികരംഗത്തെ സ്ത്രീ സാന്നിദ്ധ്യമാകാൻ ഒരുങ്ങുകയാണ് ജയലക്ഷ്മി സദാനന്ദൻ. ദേവസ്വം ബോർഡിന്റെ അംഗീകൃത സ്ഥാപനത്തിൽ നിന്നു മൂന്ന് വർഷത്തെ പൂജാപഠനം പൂർത്തിയാക്കിയ ജയലക്ഷ്മി (58) ഇത്തരത്തിൽ യോഗ്യത നേടിയ ആദ്യ വനിതയെന്ന ബഹുമതിക്കും അർഹയായി.

പ്രായപരിധി മൂലം ദേവസ്വം ബോർഡിന്റെ ശാന്തി നിയമനത്തിന് അപേക്ഷിക്കാനാകില്ല. ഏതെങ്കിലും ശ്രീകോവിൽ തുറക്കാനും പൂജാകർമ്മങ്ങളനുഷ്ഠിക്കാനും നിയോഗം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജയലക്ഷ്മി.

കോഴ്‌സിൽ ചേർന്നപ്പോൾ യാഥാസ്ഥിതികർ നെറ്റിചുളിച്ചെങ്കിലും ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദികസംഘം ധീരമായ നിലപാടെടുത്തു. ശിവഗിരിയിലെ ഗുരുദേവ പ്രതിഷ്ഠാ ചടങ്ങുകളിലെ വൈദികരിലൊരാളായിരുന്ന ഗുരുശിഷ്യൻ കോരു ആശാന്റെ സ്മാരകമെന്ന നിലയിൽ വൈദികാചാര്യൻ തിലകൻ തന്ത്രി സ്ഥാപിച്ചതാണ് പാഠശാല. ജയലക്ഷ്മിയുൾപ്പെടെ മൂന്ന് വനിതകൾ പഠനത്തിനെത്തിയെങ്കിലും രണ്ടുപേർ ഇടയ്ക്ക് പിൻവാങ്ങി.

ഒരു വർഷമായി പരിമിതപ്പെടുത്തിയ പുതിയ ബാച്ചിൽ മൂന്ന് വനിതകളുണ്ട്. ഇവിടെ പഠിച്ച നിരവധി പേർ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിമാരായുണ്ട്.

പി.വെമ്പല്ലൂർ മുല്ലങ്ങത്ത് പരേതനായ മാധവന്റെയും യജ്ഞസേനിയുടെയും മകളായ ജയലക്ഷ്മി ആറ് വർഷം എസ്.എൻ.ഡി.പി യോഗം എടവിലങ്ങ് ശാഖയുടെ സെക്രട്ടറിയായിരുന്നു. മികച്ച യോഗ പരിശീലകയുമാണ്.

എടവിലങ്ങ് മാങ്കറ സദാനന്ദനാണ് ഭർത്താവ്. അഖിൽ (ന്യൂസിലാൻഡ്), അതുൽ ആനന്ദ് (അബുദാബി) എന്നിവർ മക്കളും ഡോ. സ്വാതി അഖിൽ (ന്യൂസിലാൻഡ്) മരുമകളുമാണ്.

മാതൃകയായി തമിഴ്‌നാട്

#ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച കർണാടകയിലെ കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ 2013 മുതൽ സ്ത്രീകൾ പൂജാരിമാരായുണ്ട്. ദളിത് വിധവ സ്ത്രീകളും ഇവിടെ പൂജാരിമാരാണ്.

# 2023ൽ തമിഴ്‌നാട്ടിൽ മൂന്ന് സ്ത്രീകളെ ക്ഷേത്രങ്ങളിൽ അസിസ്റ്റന്റ് പൂജാരിമാരാക്കി സർക്കാർ നിയമിച്ചിരുന്നു. ശ്രീരംഗത്തെ ശ്രീരംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ ട്രെയിനിംഗ് സ്‌കൂളിലാണ് കോഴ്‌സ് പൂർത്തീകരിച്ചത്. മുഖ്യമന്ത്രി സ്റ്റാലിൻ സ്ത്രീപൂജാരിമാരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സ്ത്രീകളെ വൈദികവൃത്തിയിൽ നിന്നും മാറ്റി നിറുത്തണമെന്ന പരാമർശം ഒരിടത്തുമില്ല. മാറിച്ചിന്തിക്കാനും ഇക്കാര്യം പ്രവൃത്തി പഥത്തിൽ വരുത്താനുമായതിൽ വൈദിക സംഘത്തിന് അഭിമാനമുണ്ട്.

ഇ.കെ. ലാലപ്പൻ ശാന്തി, സെക്രട്ടറി, ബ്രഹമശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘം