നഷ്ടമായത് ശ്രദ്ധേയനായ ശാസ്ത്ര സാഹിത്യകാരനെ
തിരുവനന്തപുരം: ഇരുനൂറിലധികം ശാസ്ത്രലേഖനങ്ങളുടെയും 120ഓളം ശാസ്ത്ര പ്രബന്ധങ്ങളുടെയും കർത്താവാണ് ഇന്നലെ അന്തരിച്ച ഡോ.സി.ജി. രാമചന്ദ്രൻനായർ. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാർ, ശാസ്ത്രഭാവനയുടെ വിസ്മയപ്രപഞ്ചം തുടങ്ങി 24 പുസ്തകങ്ങൾ മലയാളത്തിലും അഞ്ച് പുസ്തകങ്ങൾ ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന രസതന്ത്ര ശാസ്ത്രജ്ഞനും ശാസ്ത്ര അദ്ധ്യാപകനുമായിരുന്നു. ഇംഗ്ലീഷ്,ഫ്രഞ്ച്,ജർമൻ,മലയാളം ഭാഷകളിൽ അവഗാഹമുണ്ടായിരുന്നു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ ഡയറക്ടറും കവിയുമായ ഡോ. എൻ.വി.കൃഷ്ണവാരിയർക്കൊപ്പം മലയാളത്തിലെ വൈജ്ഞാനികസാഹിത്യത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്. ഡോ. എ.പി. ജെ അബ്ദുൾകലാമിന്റെ അഗ്നിച്ചിറകുകൾ, ഇന്ത്യ 2020 എന്നീ പുസ്തകങ്ങൾ ഉൾപ്പെടെ ഒട്ടേറ ശാസ്ത്രപുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആകാശവാണിയിലെ അദ്ദേഹത്തിന്റെ സുഭാഷിതങ്ങൾ ശ്രദ്ധേയമായിരുന്നു. ദൃശ്യമാദ്ധ്യങ്ങളിൽ ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതിന് ഒട്ടേറെ പ്രഭാഷണങ്ങൾ നടത്തി.
1988-90 കാലയളവിൽ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന അദ്ദേഹം അന്താരാഷ്ട്ര ജേർണലുകളിൽ 111 പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ആലുവ യു.സി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കേരള സർവകലാശാലാ രസതന്ത്രവകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകൻ, വകുപ്പദ്ധ്യക്ഷൻ, കേരള സർവകലാശാലയിൽ ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.വിക്രം സാരാഭായ് സ്പേസ് സെന്ററിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ടെക്നോളജിയിലും വിസിറ്റിംഗ് പ്രൊഫസറും ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാല, ഫ്രാങ്ക്ഫർട്ടിലെ ഹെക്സിൻ ഇൻസ്റ്റിറ്റ്യൂട്ട്, ലണ്ടൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ കോമൺവെൽത്ത് അക്കാഡമിക് സ്റ്റാഫ് ഫെലോ, അൾജീരിയയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഇന്തോ-അൾജീരിയൻ വിസിറ്റിംഗ് പ്രൊഫസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.