ഗുരുശ്രേഷ്ഠാ പുരസ്കാരം കെ.ജി. ബാബുരാജിന്

Saturday 23 August 2025 12:47 AM IST

ആറ്റിങ്ങൽ: ശ്രീനാരായണ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ 12-ാമത് വാർഷികവും ഗുരുശ്രേഷ്ഠാ പുരസ്കാരദാനവും സെപ്തംബർ 8ന് ആറ്റിങ്ങലിൽ നടക്കും. ശിവഗിരിക്കും ശ്രീനാരായണീയ സമൂഹത്തിനും ഇതര പ്രസ്ഥാനങ്ങൾക്കും ഊർജവും പ്രചോദനവും പകരുന്ന ബഹ്റിൻ ക്യൂ. ഇ 'എൽ ആൻഡ് ക്യൂ. പി.സി ഹോൾഡിംഗ് ചെയർമാനും എം.ഡിയും പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ കെ.ജി. ബാബുരാജിനാണ് ഇക്കുറി കർമ്മശ്രഷ്ഠ പുരസ്കാരം നൽകുന്നത്'. 8ന് ഉച്ചകഴിഞ്ഞ് 2.30ന് മാമം റോയൽ ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളന ഉദ്ഘാടനവും ഗുരുശ്രേഷ്ഠാ അവാർഡ് വിതരണവും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവ്വഹിക്കും. മുഖ്യ പ്രഭാഷണവും തിരഞ്ഞെടുത്ത പ്രതിഭകൾക്കുള്ള അവാർഡ് വിതരണവും ധർമ്മസഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും അനുഗ്രഹപ്രഭാഷണവും ആത്മോപദേശ ശതകം പ്രാർത്ഥനാപുസ്തകത്തിന്റെ വിതരണവും ധർമ്മ സംഘം ട്രഷറർ സ്വാമി ശാരദാനന്ദയും വിദ്യാഭ്യാസ അവാർഡ് വിതരണം സ്വാമി വിശ്വലാനന്ദയും ചികിത്സാസഹായവിതരണം സ്വാമി അസംഗാനന്ദഗിരിയും നിർവ്വഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ അഡ്വ. എസ്. കുമാരി, ആറ്റിങ്ങൽ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽ ഹാഫിള് മുഹമ്മദ് നാസിഹ് ബാഖവി അൽ ജവാഹിരി, ഫാദർ ജോർജ് കോശി വരിഞ്ഞവിള, അംബികേശൻ, സുധടീച്ചർ എന്നിവർ ആശംസാപ്രസംഗം നടത്തും. ട്രസ്‌റ്റ് ചെയർമാൻ അഡ്വ. ബാലസുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ആറ്റിങ്ങൽ കൃഷ്‌ണൻകുട്ടി സ്വാഗതവും ട്രസ്‌റ്റ് വൈസ് ചെയർമാൻ അഡ്വ. വാമനപുരം സുരേഷ് നന്ദിയും പറയും.