മേയ്, ജൂൺ സ്കൂൾ അവധി കാന്തപുരത്തിന്റെ നിർദ്ദേശം സ്വാഗതം ചെയ്ത് മന്ത്രി ശിവൻകുട്ടി

Saturday 23 August 2025 12:03 AM IST

കോഴിക്കോട്: വിദ്യാഭ്യാസരംഗത്ത് കാലഘട്ടത്തിനനുയോജ്യമായ മാറ്റങ്ങളും പുതുമകളും കൊണ്ടുവരാൻ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. മർകസ് സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുടെ സമർപ്പണ ചടങ്ങ് 'എഡ്യൂഫേസ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചൂട് വർദ്ധിച്ച മേയ് മാസത്തിലും മഴ വർദ്ധിച്ച ജൂൺ മാസത്തിലുമായി സ്‌കൂൾ അവധി പുനഃക്രമീകരിക്കണമെന്ന കാന്തപുരത്തിന്റെ നിർദ്ദേശത്തെ മന്ത്രി സ്വാഗതം ചെയ്തു.

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ എല്ലാവരുമായി ആലോചിച്ചു നടപ്പാക്കിയാൽ വിവാദങ്ങൾ ഒഴിവാക്കാമെന്ന് കാന്തപുരം പറഞ്ഞു. രാവിലെയും വൈകിട്ടുമായി സ്‌കൂൾ സമയം ദീർഘിപ്പിക്കുന്നതിന് പകരം അക്കാ‌‌‌ഡമിക വർഷ പരീക്ഷകൾ മൂന്നിൽ നിന്നു രണ്ടാക്കി ചുരുക്കിയാൽ സമയം ലാഭിക്കാൻ സാധിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.