പാവങ്ങളോട് എന്തുമാകാമെന്നോ!,​ മുതലമടയിലും വർക്കലയിലും റിസോർട്ട് ഉടമകളുടെ ക്രൂരത

Saturday 23 August 2025 12:13 AM IST

നാടിനെ നടുക്കി പാലക്കാട് മുതലമടയിലും വർക്കലയിലും കണ്ണിൽ ചോരയില്ലാത്ത ക്രൂരത. റിസോർട്ട് ഉടമകളാണ് രണ്ടിടത്തും പ്രതിപ്പട്ടികയിൽ. മുതലമടയിൽ ആദിവാസിയായ തൊഴിലാളി അനുവാദമില്ലാതെ അല്പം മദ്യം കഴിച്ചതിന് മർദ്ദിച്ച് അവശനാക്കി ഇരുട്ടുമുറിയിൽ ആറുദിവസം പട്ടിണിക്കിട്ടു.നാട്ടുകാരും പൊലീസും ചേർന്നാണ് മൃതപ്രായനായ മദ്ധ്യവയസ്കനെ രക്ഷിച്ചത്. വർക്കലയിൽ ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് അവശനാക്കിയത് ഓട്ടത്തിന് കൂടുതൽ കൂലി ചോദിച്ചെന്ന് ആരോപിച്ചണ്. ഇവിടെയും നാട്ടുകാരാണ് രക്ഷയ്ക്കെത്തിയത്.

ആറാം ദിവസം മോചിപ്പിച്ചത് പഞ്ചാ.മെമ്പറും പൊലീസും

മുതലമട: പാലക്കാട് മുതലമടയിൽ മൂച്ചൻകുണ്ട് ചമ്പക്കുഴിയിൽ വെള്ളയ്യനെയാണ് (54) മർദ്ദിച്ച് ശുചിമുറിപോലും ഇല്ലാത്ത ഇരുട്ടുമുറിയിൽ അടച്ചിട്ടത്.മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലാണ് സംഭവം.

പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ കഴിയാതെ നരകയാതന അനുഭവിക്കുകയായിരുന്നു. മരണത്തോട് മല്ലടിച്ച വെള്ളയ്യനെ

മുതലമട പഞ്ചായത്ത് അംഗവും മുൻ പ്രസിഡന്റുമായ പി.കല്പനദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസുമെത്തി വ്യാഴാഴ്ച അർദ്ധരാത്രി ഒന്നരയോടെയാണ് വാതിൽ തകർത്ത് രക്ഷപ്പെടുത്തിയത്. വെള്ളയ്യൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ മുതലമട ഇടുക്കുപ്പാറ ഊർകളംകാട്ടിൽ പ്രഭുവും (42) അമ്മ രംഗനായികയും (70) ഒളിവിൽപ്പോയി. ഇവർക്കെതിരെ എസ്.സി, എസ്.ടി അതിക്രമം തടയൽ വകുപ്പ് പ്രകാരം കൊല്ലങ്കോട് പൊലീസ് കേസെടുത്തു. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജതമാക്കിയെന്ന് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ പറഞ്ഞു. ഇവർക്കെതിരെ എം.ഡി.എം.എ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

തെങ്ങിൻ ചുവട്ടിലെ മദ്യം

എടുത്തു കഴിച്ചതിന്

#ജീവനക്കാരനായ വെള്ളയ്യൻ കഴിഞ്ഞ 16ന് ഫാംസ്റ്റേയിലെ തെങ്ങിൻചുവട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം അനുവാദമില്ലാതെ എടുത്ത് കുടിച്ചു എന്നാരോപിച്ചാണ് പ്രഭു ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് പണിതീരാത്ത കെട്ടിടത്തിൽ പൂട്ടിയിട്ടു.

# ജീവനക്കാരനായ തിരുനാവക്കരസൻ മർദ്ദനം കണ്ടിരുന്നുവെങ്കിലും ഭയന്ന് ആരോടും പറഞ്ഞില്ല. കഴിഞ്ഞദിവസം വെള്ളയ്യൻ തീർത്തും അവശനാണെന്ന് മനസിലാക്കിയ തിരുനാവക്കരസൻ ഗോവിന്ദാപുരത്തെ ദളിത് നേതാവിനെ അറിയിക്കുകയായിരുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നത്. ആദിവാസികൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയാണ് ഫാംസ്റ്റേ ഉടമ കൊടുംക്രൂരത കാട്ടിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം.

പി.കൽപ്പനദേവി,

മുതലമട പഞ്ചായത്തംഗം

സഹായിയുമായി എത്തി

തടഞ്ഞുവച്ച് മർദ്ദിച്ചു

കേസെടുക്കാതെ പൊലീസ്

വർക്കല: ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർ കുരയ്ക്കണ്ണി സ്വദേശി സുനിൽകുമാറിനാണ് (55) വർക്കലയിൽ റിസോർട്ട് ഉടമയുടെ മർദ്ദനമേറ്റത്. വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കാേളേജിലും പ്രവേശിപ്പിച്ചു.

മൂന്നുദിവസം മുമ്പുണ്ടായ സംഭവത്തിൽ പരാതി നൽകിയെങ്കിലും വർക്കല പൊലീസ് നടപടി സ്വീകരിച്ചില്ല.

ഇന്നലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആക്ഷപവുമുണ്ട്. 19ന് കുരയ്ക്കണ്ണി കൊച്ചുവിളമുക്ക് ഓട്ടോ സ്റ്റാൻഡിലാണ് സംഭവം. കാറിൽ എത്തിയ റിസോർട്ട് ഉടമ സുനിൽകുമാറിനോട് കയർത്തു. റിസോർട്ടിലേക്ക് സാധനങ്ങൾ കൊണ്ട് പോകുന്നതിന് 100രൂപ കൂലി വാങ്ങിയെന്ന് ആരോപിച്ചായിരുന്നു തർക്കം. സുനിൽകുമാർ ഓട്ടോയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഓട്ടോയുടെ ഡോറുകൾ പലവട്ടം റിസോർട്ട് ഉടമ വലിച്ച് അടയ്ക്കുന്നത് സി.സി.ടിവിയിൽ വ്യക്തമാണ്. മറുവശം വഴി സുനിൽകുമാർ ഇറങ്ങിവന്നപ്പോഴാണ് മർദ്ദിച്ചത്. റിസോർട്ട് ഉടമയുടെ സഹായിയായി വന്നയാൾ സുനിൽ കുമാറിനെ കീഴ്പ്പെടുത്തിയതോടെ തലങ്ങുംവിലങ്ങും മർദ്ദിക്കുകയായിരുന്നു.