വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം; സുരേഷ് ഗോപിയുടെ മകനും കോൺ. നേതാവും ഏറ്റുമുട്ടി
തിരുവനന്തപുരം: പാതിരായ്ക്ക് നടുറോഡിൽ വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവും ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. കെ.പി.സി.സി അംഗം വിനോദ് കൃഷ്ണയുടെ വാഹനം നടുറോഡിൽ തടഞ്ഞു നിറുത്തി മാധവ് ബോണറ്റിൽ അടിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നു.
തന്റെ വാഹനത്തിൽ അടിച്ചിട്ടു പോയതു കൊണ്ടാണ് വാഹനം തടഞ്ഞതെന്ന് മാധവ് പറയുന്നതു വീഡിയോയിലുണ്ട്. വിനോദിന്റെ വാഹനത്തിനു മുന്നിൽ മാധവ് നിൽക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് വിനോദ് കൃഷ്ണ ആരോപിച്ചു. പിന്നാലെ പൊലീസെത്തി ഇരുവരേയും മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബ്രത്ത് അനലൈസർ പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
സംഭവമറിഞ്ഞ് മാധവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. പിന്നീട് ഇരു കക്ഷികളും തമ്മിൽ സംസാരിച്ച് കേസില്ലെന്ന ധാരണയിൽ പിരിയുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണയ്ക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ ജി.ഡിയിൽ സംഭവം രേഖപ്പെടുത്തി രണ്ട് പേരെയും വിട്ടയച്ചെന്ന് പൊലീസും വ്യക്തമാക്കി. മാധവിനെ തിരിച്ചറിഞ്ഞപ്പോൾ തന്നെ, കേന്ദ്രമന്ത്രിയുടെ മകനാണെന്ന് ഓർക്കണമെന്നും വഴിയിൽ കിടന്നു പ്രശ്നമുണ്ടാക്കി നാണക്കേടുണ്ടാക്കരുതെന്നും പറഞ്ഞെങ്കിലും മാധവ് ബഹളം തുടരുകയായിരുന്നുവെന്ന് വിനോദ് പറഞ്ഞു. താനും കൂടി ഭാഗമായ സംഭവത്തിൽ, യഥാർത്ഥത്തിൽ നടന്നതിന്റെ പകുതി പറയാതെ, നടക്കാത്ത കാര്യങ്ങളാണ് പൊതു ഇടത്തിൽ ചർച്ച ചെയ്യുന്നതെന്നും ഫാക്ട് ചെക്ക് ചെയ്യാതെ മാദ്ധ്യമങ്ങൾ നന്നായി അതു ചെയ്തെന്നും മാധവ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.