സ്വകാര്യ സർവകലാശാല: കേരളത്തിലും പിന്നാക്ക സംവരണ വ്യവസ്ഥയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സ്വകാര്യ സർവകലാശാലകളിൽ പിന്നാക്ക സംവരണ വ്യവസ്ഥയില്ല. ഇതിനായി നിയമസഭ പാസാക്കിയ ബില്ലിൽ പട്ടിക വിഭാഗങ്ങൾക്ക് 15%, സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് 40% വീതം സംവരണമാണുള്ളത്.
സ്വകാര്യ സർവകലാശാലകളിൽ ഒ.ബി.സി വിഭാഗത്തിന് 27% സംവരണമേർപ്പെടുത്തണമെന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ കേന്ദ്രം അംഗീകരിക്കുന്നതോടെ, കേരളത്തിലെ സ്വകാര്യസർവകലാശാല ബിൽ പുതുക്കേണ്ടിവരും. പിന്നാക്ക വിഭാഗങ്ങൾക്ക് ഫീസാനുകൂല്യത്തിനായി സംസ്ഥാനങ്ങൾ നിയമനിർമ്മാണം നടത്തണമെന്നും ശുപാർശയുണ്ട്.
സ്വകാര്യ സർവകലാശാലാ ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. സർവകലാശാലകളിലെ ആകെ സീറ്റുകളിൽ 40% സംസ്ഥാന ക്വാട്ട നിയമപരമായി നിലനിൽക്കില്ലെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. പ്രവേശനത്തിന് വാസസ്ഥലം ബാധകമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ള സാഹചര്യത്തിൽ ഈ ക്വാട്ട നിയമപരമായി നിലനിൽക്കാനിടയില്ലെന്നും ഭാവിയിൽ നിയമപോരാട്ടത്തിന് ഇടയാക്കുമെന്നും 'കേരളകൗമുദി" ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണഘടനാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവണം സംസ്ഥാനങ്ങളിലെ സംവരണമെന്നാണ് സുപ്രീംകോടതി ഉത്തരവെന്ന് നിയമസഭ സബ്ജക്ട് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. അർഹരായ വിദ്യാർത്ഥികളുടെ ഫീസിളവുകളും സംവരണ ആനുകൂല്യങ്ങളും നഷ്ടപ്പെടാത്ത തരത്തിലുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സഭാസമിതിയുടെ ശുപാർശ. കേരളത്തിൽ മാത്രമാണ് പട്ടികവിഭാഗങ്ങൾക്ക് ഫീസിളവടക്കം സ്വകാര്യസർവകലാശാലകളിൽ ആനുകൂല്യങ്ങളുള്ളതെന്നും, കേന്ദ്രനിയമം വന്നശേഷം ബില്ലിൽ ഭേദഗതി വരുത്താമെന്നുമാണ് സർക്കാർ പറയുന്നത്. സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ റിട്ട.ഹൈക്കോടതി ജഡ്ജിയുടെ സമിതിയാണ് ഫീസ് നിശ്ചയിക്കുന്നത്. എന്നാൽ, സ്വകാര്യ സർവകലാശാലകളിൽ എത്രഫീസ് വാങ്ങിയാലും സർക്കാരിനോ കോടതികൾക്കോ ഇടപെടാൻ നിലവിലെ ബിൽ
പ്രകാരം കഴിയില്ല.
കേരളക്വാട്ട
മാറ്റേണ്ടിവരും
പി.ജി മെഡിക്കൽ പ്രവേശനത്തിൽ നിലവിലുണ്ടായിരുന്ന 50ശതമാനം സംസ്ഥാന ക്വോട്ട അടുത്തിടെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെ പ്രവേശനത്തിന് ഏത് സംസ്ഥാനക്കാർക്കും അപേക്ഷിക്കാം
രാജ്യത്തെ ഏത് കോളേജിലും പ്രവേശനം നേടാൻ തുല്യഅവസരം ലഭിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് ബില്ലിലെ വ്യവസ്ഥ.