മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് പദ്ധതി: സമയപരിധി നീട്ടി
തിരുവനന്തപുരം: ബെവ്കോ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നൽകുമ്പോൾ തുക മടക്കി നൽകുകയും ചെയ്യുന്ന പദ്ധതിയുടെ പരീക്ഷണം സെപ്തംബർ 10 ലേക്ക് മാറ്റി. ഒന്നാം തീയതി മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം.
ഇനിയുള്ള ദിവസങ്ങൾ ഓണക്കച്ചവടത്തിന്റെ തിരിക്കാണ്. ഇപ്പോഴത്തെ ജീവനക്കാരുടെ എണ്ണം വച്ച് ഓണത്തിരക്കിൽ കുപ്പി തിരിച്ചുവാങ്ങൽ ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് തീരുമാനം നീട്ടിയത്.
മാത്രമല്ല എല്ലാ ചില്ലറവില്പന ശാലകളിലും കുപ്പി ശേഖരണത്തിനുള്ള സംവിധാനം പൂർണമായി നടപ്പാക്കിയുമില്ല. പൈലറ്റ് പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ അടുത്ത മാസം 10 മുതൽ പദ്ധതി നടപ്പാക്കുന്നതിനാൽ മദ്യത്തിന് 20 രൂപ അധികം നൽകേണ്ടിവരും. ക്ളീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. രണ്ട് ജില്ലകളിലെ പരീക്ഷണം വിജയിച്ചാൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. നീക്കം ചെയ്യാനാവശ്യമായ കുപ്പികൾ ഓരോ ശേഖരണ കേന്ദ്രത്തിലും കിട്ടുമോ, സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന്, പുനരുത്പന്നങ്ങൾ വഴി ലഭിക്കുന്ന പണം മതിയാവുമോ തുടങ്ങിയ കാര്യങ്ങളാണ് ക്ളീൻ കേരള കമ്പനി പരിശോധിക്കുന്നത്. കമ്പനിക്ക് ലാഭമല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ കുപ്പി നീക്കത്തിന് ബെവ്കോയും നിശ്ചിത തുക നൽകേണ്ടിവരും.
ഓരോ കുപ്പിക്കും ഉപഭോക്താവിൽ നിന്ന് 20 രൂപ വീതം ഈടാക്കുന്നത് ബെവ്കോയ്ക്ക് ഗുണകരമാവുമെങ്കിലും കുപ്പി മാലിന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാനായില്ലെങ്കിൽ പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടിവരും.