കെ.എസ്.ആർ.ടി.സിക്കായി പ്രതിദിനം ചെലവ് നാലുകോടി: ബാലഗോപാൽ
Saturday 23 August 2025 1:13 AM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ നിലനിറുത്താൻ പ്രതിദിനം ധനവകുപ്പ് ചെലവിടുന്നത് നാല് കോടി രൂപയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ഗതാഗതവകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടന്ന‘ട്രാൻസ്പോ’എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രതിമാസ ശമ്പളവിതരണത്തിനുള്ള 80കോടിയിൽ 50കോടിയും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേരളത്തിൽ ഏറ്റവും ബ്രാൻഡ് വാല്യുവുള്ള സ്ഥാപനം കെ.എസ്.ആർ.ടി.സിയാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് ഓണത്തിന് ബോണസ് നൽകുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പറഞ്ഞു.കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്.പ്രമോജ് ശങ്കർ,വി.കെ.പ്രശാന്ത് എം.എൽ.എ,ധനകാര്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ,ഗതാഗത കമ്മിഷണർ നാഗരാജു ചകിലം,കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം കെ.എസ്.വിജയശ്രീ,വൈ.അഹമ്മദ് കബീർ,എ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.