തൃശൂര് തകർത്തൂട്ടാ...

Saturday 23 August 2025 12:33 AM IST

ആലപ്പി റിപ്പിൾസിനെ ഏഴുവിക്കറ്റിന് തകർത്ത് തൃശൂർ ടൈറ്റാൻസ്

തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ ഏഴുവിക്കറ്റിന് തകർത്ത് തൃശൂർ ടൈറ്റാൻസിന്റെ പൂരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ റിപ്പിൾസിനെ നിശ്ചിത 20 ഓവറിൽ 151/7 എന്ന സ്കോറിൽ ഒതുക്കിയശേഷം മൂന്നുവിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 21 പന്തുകൾ ബാക്കിനിൽക്കേ ടൈറ്റാൻസ് വിജയം കാണുകയായിരുന്നു. നാലോവറിൽ 23 റൺസ് വഴങ്ങി നാലുവിക്കറ്റുകൾ വീഴ്ത്തിയ സിബിൻ ഗിരീഷും അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും (63), അഹമ്മദ് ഇമ്രാനും (61) ചേർന്നാണ് ടൈറ്റാൻസിന് തകർപ്പൻ വിജയം നൽകിയത്. സിബിനാണ് പ്ളേയർ ഒഫ് ദ മാച്ച്.

3.2 ഓവറിൽ 17 റൺസെടുക്കുന്നതിനിടെ റിപ്പിൾസിന് ഓപ്പണർമാരായ അക്ഷയ് ചന്ദ്രനേയും (7), ജലജ് സക്സേനയേയും (8) നഷ്ടമായിരുന്നു. ആനന്ദ് ജോസഫാണ് ഇരുവരെയും മടക്കി അയച്ചത്. തുടർന്ന് ക്രീസിലേക്ക് എത്തിയ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ(57) അർദ്ധസെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതിനിന്നെങ്കിലും വേണ്ടത്ര പിന്തുണ ആരിൽ നിന്നുംലഭിച്ചില്ല. ഏഴാം ഓവറിൽ അഭിഷേക് ജി.നായരും(14),12-ാം ഓവറിൽ അനുജ് ജോട്ടിനും (11) 13-ാം ഓവറിൽ അക്ഷയ് ടി.കെ(2)യും പുറത്തായി. ഇതോടെ ആലപ്പി 91/5 എന്ന നിലയിലായി. 38 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സുമടിച്ച അസറുദ്ദീൻ ടീം സ്കോർ 102ലെത്തിയപ്പോൾ മടങ്ങി. 23 പന്തുകളിൽ 30 റൺസടിച്ച ശ്രീരൂപാണ് ടീമിനെ 151ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ടൈറ്റാൻസിന് വേണ്ടി ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും അഹമ്മദ് ഇമ്രാനും തകർത്തടിച്ചപ്പോൾ തന്നെ റിപ്പിൾസിന്റെ പ്രതീക്ഷ മങ്ങിയിരുന്നു.ഈ സീസണിലെ ആദ്യത്തെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 76 പന്തുകളിൽ 121 റൺസാണ് ഇവർ നേടിയത്. 44 പന്തുകളിൽ എട്ടുബൗണ്ടറികൾ നേടിയ ഇമ്രാനെ പുറത്താക്കി ഐ.പി.എൽ താരം വിഘ്നേഷ് പുത്തൂരാണ് സഖ്യം പൊളിച്ചത്. അടുത്ത ഓവറിൽ ശ്രീഹരി ആനന്ദ് കൃഷ്ണനെയും മടക്കി.39 പന്തുകൾ നേരിട്ട ആനന്ദ്കൃഷ്ണൻ രണ്ട് ഫോറും അഞ്ച് സിക്സും പായിച്ചു. ഷോൺ റോജറുടെ വിക്കറ്റ് കൂടി വിഘ്നേഷ് വീഴ്ത്തിയെങ്കിലും ടൈറ്റാൻസിന്റെ വിജയത്തെ അത് ബാധിച്ചില്ല.