നടന്നുനേടി ബിലിൻ
ഇന്റർസ്റ്റേറ്റ് അത്‌ലറ്റിക്സ്
ബിലിൻ ജോർജ് ആന്റോയ്ക്ക് നടത്തത്തിൽ സ്വർണം
ലസാനും അഞ്ജലിക്കും വെങ്കലം
ചെന്നൈ : ദേശീയ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം 20 കി.മീ റേസ് വാക്കിൽ സ്വർണം നേടി മലയാളിതാരം ബിലിൻ ജോർജ് ആന്റോ. ഒരുമണിക്കൂർ 29 മിനിട്ട് 35.12 സെക്കൻഡിലാണ് ബിലിൻ ഫിനിഷ് ചെയ്തത്. രാജസ്ഥാന്റെ മുകേഷ് നിതർവാൾ വെള്ളിയും മണിപ്പൂരിന്റെ ഖാൻഗെംബാം വെങ്കലവും നേടി. 2023ൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ 10 കി.മീ റേസ് വാക്കിൽ ബിലിൻ സ്വർണം നേടിയിരുന്നു.
110 മീറ്റർ ഹർഡിൽസിൽ മലയാളിതാരം മുഹമ്മദ് ലസാനും വനിതകളുടെ 100 മീറ്ററിൽ സി. അഞ്ജലിക്കും വെങ്കലം.
14.08 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലസാൻ മൂന്നാമതെത്തിയത്. 13.60 സെക്കൻഡിൽ ഓടിയെത്തിയ മഹാരാഷ്ട്രയുടെ തേജസ് ഷിസെയ്ക്കാണ് സ്വർണം.14.03 സെക്കൻഡിൽ ഓടിയെത്തിയ തമിഴ്നാടിന്റെ മാനവ് വെള്ളിനേടി. 13.68 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അഞ്ജലിയുടെ വെങ്കലം.13.22ൽ ഓടിയെത്തിയ പശ്ചിമബംഗാളിന്റെ മൗമിത മൊണ്ടാൽ സ്വർണവും 13.45 സെക്കൻഡിൽ ഓടിയെത്തിയ തമിഴ്നാടിന്റെ നന്ദിനി വെള്ളിയും നേടി.