ചെമ്പഴന്തി ഗുരുകുലത്തിൽ ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Saturday 23 August 2025 12:49 AM IST

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും സംസ്ഥാന ടൂറിസം വാരാഘോഷ കലാപരിപാടികളും സെപ്തംബർ 5, 6, 7 തീയതികളിൽ നടക്കും.

7ന് വൈകിട്ട് 6.30ന് ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രസ്റ്റ് ജനറൽ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഡോ.ശശി തരൂർ എം.പി, കെ.ജി. ബാബുരാജൻ ബഹറിൻ, ഗോകുലം ഗോപാലൻ, മുരളിയാ കെ. മുരളീധരൻ, ജി. മോഹൻദാസ്, ചെമ്പഴന്തി ഉദയൻ, അനീഷ് ചെമ്പഴന്തി തുടങ്ങിയവർ പങ്കെടുക്കും.

രാവിലെ 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത് അദ്ധ്യക്ഷനാവും. ഉച്ചയ്ക്ക് 3ന് തിരുജയന്തി ഘോഷയാത്ര മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാവും. 4ന് ഗുരുകുലത്തിൽ നിന്ന് ഗുരുദേവ റിക്ഷയും വഹിച്ചുള്ള തിരുജയന്തി ഘോഷയാത്ര ഉദയഗിരി, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക് വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ പോയി തിരികെ ഗുരുകുലത്തിൽ സമാപിക്കും.

തിരുവോണ ദിനമായ സെപ്തംബർ അഞ്ചിന് രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ധർമ്മപതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് 12.30 ന് ഗുരുപൂജ, തുടർന്ന് തിരുവോണസദ്യ. വൈകിട്ട് ആറു മുതൽ കലാപരിപാടികളും ടൂറിസം വാരാഘോഷവും.

6ന് രാവിലെ 10ന് ഗുരുകാരുണ്യം പഠന ഗ്രൂപ്പ്, ചെമ്പഴന്തി അവതരിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ ആലാപനം, തുടർന്ന് കലാപരിപാടികളും ടൂറിസം വാരാഘോഷവും. 7ന് രാവിലെ 6 മുതൽ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട്ടിൽ വിശേഷാൽപൂജയും സമൂഹ പ്രാർത്ഥനയും. ജയന്തി ദിനത്തിൽ രാത്രി 9.30 ന് ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ നയിക്കുന്ന സംഗീതപരിപാടി ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള കലാസാഹിത്യ മത്സരങ്ങൾ 30,31, സെപ്തംബർ 1 തീയതികളിലായി നടക്കും. 30ന് രാവിലെ സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായിക ലൗലി ജനാർദ്ദൻ നിർവഹിക്കും.അന്വേഷണങ്ങൾക്ക് 8281119121.