പന്തുപോലുരുണ്ട് പതിറ്റാണ്ടുകൾ, മുറിയാതെ സൗഹൃദ 'പാസ് '
കൊല്ലം: ജെ.എസ്.എസ് കൊല്ലം ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്തിന്റെ മകൻ അഡ്വ. അഭിഷന്ദ് പള്ളത്തിന്റെ വിവാഹം, പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു സൗഹൃദത്തിന്റെ പുനസമാഗമവേദിയായി. സുധാകരൻ പള്ളത്തിന്റെ ഉറ്റ സുഹൃത്തും ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സാക്ഷാൽ സുനിൽ ഛെത്രിയുടെ പിതാവുമായ കെ.ബി.ഛെത്രിയും ഒരുപാടുനാളിന് ശേഷം കൊട്ടാരക്കരയിലെ കല്യാണവേദിയിൽ കണ്ടുമുട്ടി.
പണ്ട് സൈനിക സേവന കാലത്ത് സുധാകരനും കെ.ബി.ഛെത്രിയും തമ്മിലുണ്ടായ ഗാഢസൗഹൃദത്തിന്റെ കൂടിച്ചേരലായി വിവാഹവേദി മാറി. ഛെത്രിയുടെ ഭാര്യ സുശീല ഛെത്രിയും ഒപ്പമുണ്ടായിരുന്നു.
ഫ്ളാഷ് ബാക്ക്
കൊട്ടാരക്കര നെടുവത്തൂർ പള്ളത്ത് വീട്ടിൽ സുധാകരൻ പള്ളത്ത് 1981ൽ, ഇന്ത്യൻ സൈന്യത്തിലെ ഇ.എം.ഇയിൽ ഡിപ്ളോമ ട്രെയിനിയായി എത്തിയപ്പോഴാണ് ഹവീൽദാർ കെ.ബി.ഛെത്രിയെ പരിചയപ്പെടുന്നത്. ഫുട്ബാൾ താരങ്ങളായിരുന്ന ഇരുവരും കളിക്കളത്തിലാണ് സൗഹൃദത്തിന്റെ ആദ്യ പാസ് നൽകിയത്. നിരവധി സംസ്ഥാന- ദേശീയ മത്സരങ്ങളിൽ ഛെത്രിയും സുധാകരനും സർവീസസ് ടീമിൽ ഒന്നിച്ചു. ഭാര്യ സുശീല ഛെത്രി നേപ്പാളിൽ വനിതകൾക്ക് വേണ്ടിയുള്ള ദേശീയ ഫുട്ബാൾ ടീമിൽ കളിച്ചിട്ടുണ്ട്. 1984 ആഗസ്റ്റ് 3ന് മിലിട്ടറി ആശുപത്രിയിൽ സുശീല ഛെത്രി മകൻ സുനിൽ ഛെത്രിക്ക് ജന്മം നൽകി. മത്സരമുള്ള ദിവസമായതിനാൽ വൈകിട്ട് സുധാകരൻ പള്ളത്തിനൊപ്പമാണ് കെ.ബി.ഛെത്രി ആശുപത്രിയിലെത്തി മകനെ ആദ്യമായി കണ്ടത്. 1996ൽ സുധാകരൻ പള്ളത്ത് വിരമിച്ചപ്പോഴായിരുന്നു ആ സൗഹൃദത്തിന്റെ ഇതിനുമുമ്പുള്ള അവസാന കൂടിക്കാഴ്ച. ഫോൺ വഴിപോലും ബന്ധമുണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം സുനിൽ ഛെത്രിയുടെ വിരമക്കൽ മത്സരം കൊൽക്കത്തയിലെത്തി റിപ്പോർട്ട് ചെയ്ത 'കേരളകൗമുദി' സ്പോർട്സ് ലേഖകൻ അൻസാർ.എസ്.രാജ് വഴി സുധാകരൻ പള്ളത്ത് കെ.ബി.ഛെത്രിയുമായി ബന്ധപ്പെട്ടു. ആ സൗഹൃദ ഫോൺ സംഭാഷണങ്ങളാണ് കൊട്ടാരക്കരയിലെ സംഗമത്തിന് വഴിയൊരുക്കിയത്. സുധാകരൻ പള്ളത്തിന്റെയും റിട്ട.തഹസീൽദാർ വി.എൻ.ബേബി ഗിരിജയുടെയും മകൻ ബി.എസ്.അഭിഷന്ദും കോട്ടയം തലയോലപ്പറമ്പ് വരമ്പിൽ വീട്ടിൽ ഡോ.വി.ജെ.ഐശ്വര്യയും തമ്മിലായിരുന്നു വിവാഹം. സുനിൽ ഛെത്രി വീഡിയോ കോളിൽ വധുവരന്മാർക്ക് ആശംസകൾ നേർന്നു.