44.54 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ ഓച്ചിറയിൽ പിടിയിൽ
കൊല്ലം: ലഹരി വിൽപ്പന തടയുന്നതിന് പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക് പുത്തൻവീട്ടിൽ സന്തോഷ് (48), എറണാകുളം മൂവാറ്റുപുഴ തണ്ടാശേരിയിൽ വീട്ടിൽ ഷിയാസ്(41) എന്നിവരെയാണ് ഓച്ചിറ പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി സന്തോഷ് തമസിക്കുന്ന ഓച്ചിറയിലെ വീട്ടിൽ ഡാൻസാഫും പൊലീസ് സംഘവും നടത്തിയ പരിശോധനയിലാണ് 44.54 ഗ്രാം എം.ഡി.എം.എ കണ്ടെത്തുന്നത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് എത്തിച്ച് നൽകിയ ഷിയാസിനെ സമീപത്തെ ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയത്.
കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നിർദ്ദേശാനുസരണം ഓച്ചിറ പൊലീസ് ഇൻസ്‌പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ ജയരാജ് പണിക്കർ, എ.എസ്.ഐ രഞ്ജിത്ത്, സി.പി.ഒമാരായ ദീപു, ജിൻസി എന്നിവരും എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.