കിരൺ നാരായണൻകുട്ടി ചരിഞ്ഞു
Saturday 23 August 2025 1:00 AM IST
കോട്ടയം : പൂരപ്പറമ്പിലെ നിറസാന്നിദ്ധ്യമായിരുന്ന കൊമ്പൻ കിരൺ നാരായണൻകുട്ടി ചരിഞ്ഞു. 60വയസായിരുന്നു. ബീഹാറാണ് സ്വദേശം. ഒൻപതര അടിയിലേറെ പൊക്കവുമായി കേരളത്തിലെ തലയെടുപ്പുള്ള ആനകളുടെ കൂട്ടത്തിൽ മുൻനിരയിലായിരുന്നു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡന്റ് എം.മധുവാണ് ഉടമ. ഇന്നലെ പുലർച്ചെ കടയനിക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം പാലാ പുലിയന്നൂർ ക്ഷേത്രത്തിലെ ആനയൂട്ടിൽ പങ്കെടുത്തിരുന്നു. നടൻ ജയസൂര്യ നായകനായെത്തിയ തൃശൂർപൂരം എന്ന ചിത്രമടക്കം അരഡസനോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗജകേസരി, ത്രിലോകഗജാധിപതി, ഗജോത്തമൻ തുടങ്ങിയ ബഹുമതികൾ ലഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കടയനിക്കാട്ടെ കുടുംബവീടിന് സമീപത്തെ പുരയിടത്തിൽ മൃതദേഹം സംസ്കരിച്ചു.