പത്തില്‍ നാല് പേര്‍ക്കും രോഗം; കാരണം കേരളത്തില്‍ കൂണ് പോലെ പെരുകുന്ന സംവിധാനം
കോട്ടയം : ശുദ്ധമായ എണ്ണ കിട്ടാക്കനിയാകുമ്പോള്‍ വഴിയാരങ്ങളിലെ എണ്ണക്കടകള്‍ ഉയര്‍ത്തുന്ന രോഗസാദ്ധ്യത വീണ്ടും ചര്‍ച്ചയാകുന്നു. എണ്ണയുടെ പുനരുപയോഗവും വിലക്കുറവിന്റെ പേരില്‍ നിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നതുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതേസമയം ജില്ലയില്‍ 40 വയസിന് താഴെയുള്ള 70 ശതമാനം പേര്‍ക്കും കൊളസ്ട്രോള്‍ അടക്കമുള്ള ജീവിത ശൈലീരോഗം ബാധിച്ചതില്‍ ബജ്ജിക്കടകള്ക്കുള്ള പങ്ക് പ്രധാനമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.
ജില്ലയുടെ പാതയോരങ്ങളില്‍ എല്ലാം ബജ്ജിക്കടകളാണ്. ഉച്ചയ്ക്ക് തുടങ്ങുന്ന തിരക്ക് വൈകിട്ട് വരെ നീളും. കൂടുതലും വിദ്യാര്‍ത്ഥികളും, യുവാക്കളും. ചിലര്‍ പാതയോരം കൈയേറുമ്പോള്‍ മറ്റ് ചിലര്‍ വാടക കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാനക്കാരും കച്ചവടക്കാരിലുണ്ട്. ക്രിമിനല്‍ കേസില്പ്പെട്ടവരടക്കം പാചകക്കാരുടെ റോളിലാണ്. മുളക്, മുട്ട, കായ ബജ്ജി, ഉഴുന്നുവട, പഴംപൊരി തുടങ്ങിയവയ്ക്കാണ് ആവശ്യക്കാരേറെ. ഇവിടെ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്.
വൃത്തി ഏഴയലത്തില്ല, പരിശോധനയുമില്ല
വൃത്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത കടകള്‍ നിരവധിയാണ്. എത്രമൂടിയിട്ടാലും എണ്ണയിലും കടിയിലുമടക്കം പൊടിവീഴും. ഇത് കൂടാതെയാണ് മോശം എണ്ണയില്‍ നിന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍. എണ്ണവില കൂടിയിട്ടും പലഹാരങ്ങള്‍ക്ക് ഇപ്പോഴും പഴയ വിലയാണ്. ഇതെങ്ങനെ സാധിക്കുന്നുവെന്നതാണ് ചോദ്യം. മായംചേര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി തട്ടുകടക്കാരും ബജ്ജിക്കടക്കാരും വാങ്ങുന്നുവെന്ന് കഴിഞ്ഞദിവസം ഇടനിലക്കാരുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളുമില്ല. സഞ്ചരിക്കുന്ന ലാബില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടില്‍ പലതവണ എണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയെടുത്തില്ല.
പത്തില്‍ നാലുപേര്‍ക്കും കൊളസ്ട്രോള്‍
മിനിമം ഒരാളുടെ ചായകുടിച്ചെലവ് 30 രൂപയിലെത്തി. ചായയും രണ്ട് കടിയും കഴിക്കാത്ത ദിവസങ്ങള്‍ കുറവ്. പരിശോധിക്കുമ്പോള്‍ പത്തുപേരില്‍ നാലുപേര്‍ക്കും കൊളസ്ട്രോള്‍ ഉണ്ടെന്നാണ് ലാബുകളില്‍ നിന്നുള്ള വിവരം. പതിവായി എണ്ണപ്പലഹാരം കഴിക്കുന്നവരാണ് ഇവരെല്ലാം.
''വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ പരിശോധന നടത്തുന്നില്ല. പിഴയീടാക്കാനോ കടപൂട്ടിക്കാനോ അധികൃതര്‍ക്ക് താത്പര്യമില്ല. കോളേജ് വിദ്യാര്‍ത്ഥികളടക്കം കൂടുതലായി ഇത്തരം കടകളില്‍ നിത്യസന്ദര്‍ശകരാണ്. -പൊതുപ്രവര്‍ത്തകര്‍