സംഭരിച്ച നെല്ലിന് പണമില്ല: കർഷകർ ദുരിതത്തിൽ

Saturday 23 August 2025 1:59 AM IST

മലപ്പുറം: സംഭരിച്ച നെല്ലിന്റെ തുക നാല് മാസമായിട്ടും ലഭിക്കാതെ ജില്ലയിലെ നെൽകർഷകർ ദുരിതത്തിൽ. മേയ് 20 വരെ സംഭരിച്ച നെല്ലിന്റെ വിലയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 9,​000ത്തോളം കർഷകരിൽ നിന്നായി 34 ടണ്ണോളം നെല്ലാണ് സപ്ലൈകോ സംഭരിച്ചിട്ടുള്ളത്. ഒരു ഏക്കറിൽ നെൽ കൃഷി ചെയ്യാൻ 35,000ത്തോളം രൂപ ചെലവ് വരും. പത്തും ഇരുപതും ഏക്കറിൽ കൃഷി ചെയ്യുന്നവരാണ് നല്ലൊരു പങ്കും. കൊയ്ത്തു കഴിഞ്ഞ ശേഷം സപ്ലൈകോ നിശ്ചയിക്കുന്ന മില്ലുകൾക്ക് നെല്ല് നൽകുകയാണ് ചെയ്യുന്നത്. 15 ദിവസത്തിനകം പണം നൽകണമെന്നാണ് ചട്ടമെങ്കിലും മാസങ്ങളായി മുടങ്ങുന്നത് പതിവായിട്ടുണ്ട്. ഇതോടെ കടവും പലിശയും പേറി കർഷകരുടെയും ജീവിതം ദുരിതത്തിലാണ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള നെല്ല് സംഭരണത്തിൽ 23 രൂപയാണ് കേന്ദ്രം നൽകുന്ന താങ്ങുവില. സംസ്ഥാന ബോണസായി 5.20 രൂപയുമടക്കം 28.20 രൂപയാണ് ഒരുകിലോ നെല്ലിന്റെ സംഭരണ വില. സർക്കാരിൽ നിന്നുള്ള സംഭരണ വില കിട്ടുന്നതിലെ കാലതാമസം മറികടക്കാനായി ബാങ്കുകളുമായി ചേർ‌ന്ന് സപ്ലൈകോ പാ‌‌ഡി റെസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) വായ്പ നടപ്പിലാക്കുന്നുണ്ട്. പി.ആർ.എസ് ഈടായി സ്വീകരിച്ച് ബാങ്കുകൾ വായ്പ നൽകും. ഇതിന്റെ പലിശ സഹിതം സപ്ലൈകോ അടയ്ക്കും. സർക്കാരിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പി.ആർ.എസ് വായ്പയും മുടങ്ങി. കേന്ദ്ര സർക്കാർ തുക അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

ജില്ലയിൽ പൊന്നാനി താലൂക്കിലാണ് ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത്. 18.50 കോടി രൂപ ലഭിക്കാനുണ്ട്. നേരത്തെ 60 കോടിയോളം രൂപ ഇവിടെ മാത്രം ലഭിക്കാനുണ്ടായിരുന്നു. പലഘട്ടങ്ങളിലായി തുക അനുവദിച്ചു.

പൊന്നാനി കോൾ മേഖലയിൽ 60 പാടശേഖരങ്ങളുണ്ട്. 6,500 ഓളം കർഷകരുണ്ട്. 12,​600 ടൺ നെല്ലാണ് ഇവിടെ നിന്ന് സംഭരിച്ചത്.

താലൂക്ക് ......................... ലഭിക്കാനുള്ള തുക

പൊന്നാനി...................... 18.50

തിരൂരങ്ങാടി ................... 10.54

തിരൂർ ............................. 2.50

പെരിന്തൽമണ്ണ ................ 1.04

ഏറനാട് ........................... 89.26

കൊണ്ടോട്ടി ..................... 76.06

നിലമ്പൂർ .......................... 60.38