ആന്തിയൂർക്കുന്നിൽ ആശുപത്രി മാലിന്യം തള്ളി: യുവാവ് അറസ്റ്റിൽ
പുളിക്കൽ: പുളിക്കൽ ഗ്രാമപഞ്ചായത്തിലെ ആന്തിയൂർക്കുന്നിലെ പ്രവർത്തനം നിറുത്തിയ കരിങ്കൽ ക്വാറിയിൽ ആശുപത്രി മാലിന്യങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ തള്ളിയയാൾ പൊലീസ് അറസ്റ്റിൽ. ആന്തിയൂർക്കുന്ന് വലിയപറമ്പ് ഒറ്റപ്പുലാക്കൽ അസീബുദ്ദീൻ ( 35 ) ആണ് അറസ്റ്റിലായത്. മൂന്നാം തീയതിയാണ് സംഭവം. കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. മാലിന്യം നീക്കം ചെയ്യാൻ കോൺട്രാക്ട് എടുത്ത വ്യക്തിയിൽ നിന്നും സബ് കോൺട്രാക്ട് എടുത്ത ആളാണ് അസീബുദ്ദീൻ . കോഴിക്കോട് ഭാഗത്തുനിന്നും ശേഖരിച്ച 10 ലോഡോളം വരുന്ന മാലിന്യങ്ങൾ ഇയാൾ ക്വാറി ഉടമയുടെ സഹായത്തോടെ ഇവിടെ കൊണ്ടുവന്നു തള്ളുകയായിരുന്നു
മാലിന്യം തള്ളിയതറിഞ്ഞ് നാട്ടുകാർ സംഘടിച്ചെത്തി ഇവരെ തടഞ്ഞു വച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസും സംഭവസ്ഥലത്തെത്തി. ഇവർക്കെതിരെ പിഴ ചുമത്തുകയും മാലിന്യങ്ങൾ നീക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ മാലിന്യങ്ങൾ നീക്കാത്തതിനെതുടർന്ന് പൊലീസ് വീണ്ടും കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ക്വാറി ഉടമ, മാലിന്യങ്ങൾ എത്തിച്ച ടോറസ് ലോറിയുടെ ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പുളിക്കൽ അരൂർ ചെവിട്ടാണിക്കുന്ന് റോഡിനരികിൽ ജനവാസ മേഖലയിൽ കുടിവെള്ള പദ്ധതി ടാങ്കിന്റെ സമീപത്തായിരുന്നു മാലിന്യം തള്ളിയത്. സ്ഥലം ഉടമ പണം ഈടാക്കി ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് അനുമതി നൽകുകയായിരുന്നു. ഇതിനുമുമ്പും ഇവിടെ മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. വൻതോതിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യ ശേഖരം ജെ.സി.ബി ഉപയോഗിച്ച് നിരത്തി അതിനുമുകളിൽ മണ്ണിട്ട് മൂടുന്ന പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധങ്ങൾ ഉണ്ടായത്.
പ്രതിക്കെതിരെ ഭാരതീയ ന്യായസംഹിത, കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പൊലീസ് ആക്ട്, കേരള ഇറിഗേഷൻ ആൻഡ് കൺസർവേഷൻ ആക്ട് പ്രകാരം കേസെടുത്തു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പുളിക്കൽ പഞ്ചായത്തിലെ മാലിന്യം തള്ളൽ ആസൂത്രിതം: ഇന്ന് പഞ്ചായത്തോഫീസിലേക്ക് യു.ഡി.എഫ് മാർച്ച്.
പുളിക്കൽ: ഗ്രാമപഞ്ചായത്തിലെ പല മേഖലകളിലും ടൺ കണക്കിന് ആശുപത്രി മാലിന്യങ്ങളും കോഴിമാലിന്യങ്ങളും തള്ളുന്നത് ഭരണസമിതിയിലെ ചിലരുടെയും അധികൃതരുടെയും ഒത്താശയോടെയാണെന്ന് ആരോപിച്ച് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഇന്ന് പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഈ മാസം മൂന്നിന് ആന്തിയൂർക്കുന്നിലെ പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറിയിൽ നൂറുകണക്കിന് ലോഡ് ആശുപത്രി മാലിന്യങ്ങൾ തള്ളിയിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി മാലിന്യം തള്ളിയവർക്ക് പിഴ ചുമത്തുകയും നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാഴ്ചയോളമായിട്ടും അവിടെ നിന്ന് വളരെ കുറച്ച് മാലിന്യം മാത്രമേ നീക്കം ചെയ്തിട്ടുളളു. പഞ്ചായത്തിലെ കൊട്ടപ്പുറത്ത് ദേശീയ പാതയരികിലുള്ള പാടത്തും വലിയ പറമ്പിലെ കരിങ്കൽ ക്വാറിയിലും അരൂരിലുമൊക്കെ നേരത്തെ സമാനമായ രീതിയിൽ മാലിന്യം തള്ളിയിരുുന്നു. ഇതിന് പിന്നിൽ പ്രാദേശികമായി ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് യു ഡി എഫ് ആരോപിക്കുന്നുണ്ട്.
ഫോട്ടോ: പുളിക്കൽ ആന്തിയൂർ കുന്നിൽ മാലിന്യം തള്ളിയ കേസിൽ പിടിയിലായ അസീബുദ്ദീൻ