'അമിത് ഷാ ഇനിയും വരും, വലിയ കള്ളങ്ങളുമായി': കടുത്ത വിമർശനവുമായി ജോൺ ബ്രിട്ടാസ്

Saturday 23 August 2025 10:40 AM IST

തിരുവനന്തപുരം: ദുരന്തങ്ങൾ വന്നപ്പോൾ കേരളത്തെ കൈയയച്ചുസഹായിച്ചെന്ന അമിത്ഷായുടെ പ്രസ്താവനയെ കടുത്തഭാഷയിൽ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിന്റെ നികുതി സംഭാവന ഉൾപ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷൻ അനുവദിച്ച തുകയിൽ നിന്ന് സംസ്ഥാനത്തിന് പണം നൽകുന്നതിനെയാണ് കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന ആയി അമിത് ഷാ വളച്ചൊടിച്ചത്.വയനാട് ദുരന്തത്തിൽപെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്ന ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള നിർദേശം പോലും മാനിക്കാൻ തയ്യാറാവാത്തവരാണ് സഹായഹസ്തത്തിന്റെ കഥയുമായി രംഗത്ത് വരുന്നത്.ഇഷ്ടക്കാരുടെയും വ്യവസായികളുടെയും വായ്പ എഴുതിത്തള്ളിയതിന്റെ കണക്ക് കേട്ടാൽ ആർക്കാണെങ്കിലും ബോധക്കേട് വരും. കഴിഞ്ഞ 11 വർഷക്കാലത്തിനിടയിൽ 17 ലക്ഷം കോടി രൂപയാണ് നമ്മുടെ ബാങ്കുകൾ ഈ ഇനത്തിൽ എഴുതിത്തള്ളിയത് എന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. പാർലമെന്റിലെ ചോദ്യാേത്തര രേഖയും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദുരന്തങ്ങൾ വന്നപ്പോൾ കേരളത്തെ കയ്യയച്ചു സഹായിച്ചു എന്ന മുഴുത്ത കള്ളമാണ് ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയിൽ എഴുന്നള്ളിച്ചത്. ആ വേദിയിൽ വച്ച് തന്നെ പിന്നീട് മുഖ്യമന്ത്രി അതിന് മറുപടി പറയുകയുണ്ടായി. കേരളത്തിൻ്റെ നികുതി സംഭാവന ഉൾപ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷൻ അനുവദിച്ച തുകയിൽ നിന്ന് സംസ്ഥാനത്തിന് പണം നൽകുന്നതിനെയാണ് "കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന" ആയി അമിത് ഷാ വളച്ചൊടിച്ചത്. വയനാട് ദുരന്തത്തിൽപെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്ന ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള നിർദേശം പോലും മാനിക്കാൻ തയ്യാറാവാത്തവരാണ് സഹായഹസ്തത്തിന്റെ കഥയുമായി രംഗത്ത് വരുന്നത്. തങ്ങളുടെ ഇഷ്ടക്കാരുടെയും വ്യവസായികളുടെയും വായ്പ എഴുതിത്തള്ളിയതിന്റെ കണക്ക് കേട്ടാൽ ആർക്കാണെങ്കിലും ബോധക്കേട് വരും. കഴിഞ്ഞ 11 വർഷക്കാലത്തിനിടയിൽ 17 ലക്ഷം കോടി രൂപയാണ് നമ്മുടെ ബാങ്കുകൾ ഈ ഇനത്തിൽ എഴുതിത്തള്ളിയത്!

ഇതിനോടൊപ്പം പറയേണ്ട മറ്റൊരു കാര്യമുണ്ട്.... അത് ചുവടെ..

വയനാട് ദുരന്തം ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ ദുരന്തബാധിതരെ ഒഴിപ്പിക്കാൻ വ്യോമസേന രംഗത്ത് എത്തിയതിന് ജനങ്ങളും മാധ്യമങ്ങളും പുകഴ്ത്തിയിരുന്നല്ലോ. ഇതിനെ കേന്ദ്രസർക്കാർ വിളിക്കുന്നത് മനുഷ്യത്വപരമായ ദുരിതാശ്വാസ മിഷൻ എന്നാണ്. ഈ പേര് കേട്ട് നമ്മളും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ഈ ദൗത്യത്തിന്റെ ചെലവ് അണാപൈസ വിടാതെ, ബില്ലായി സംസ്ഥാനത്തിന്റെ മേൽ ചുമത്തിയതായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം രാജ്യസഭയിൽ എന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു. കൊടുത്തില്ലെങ്കിൽ ദുരിതാശ്വാസനിധിയിൽ കേരളത്തിന് അവകാശപ്പെട്ട തുകയിൽ തട്ടിക്കിഴിക്കും. 132.61 കോടി രൂപയാണ് വയനാട്ടിലെ ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ ഹെലികോപ്റ്റർ പറത്തിയ വകയിൽ കേരളത്തിന് മേൽ കേന്ദ്രം ചുമത്തിയ ഭാരം (ചോദ്യോത്തര രേഖ താഴെ).

അമിത് ഷാ ഇനിയും വരും, വലിയ വലിയ കള്ളങ്ങളുമായി, കാത്തിരിക്കാം...

- ജോൺ ബ്രിട്ടാസ്