'പരാതി  ലഭിക്കാതെ  പാർട്ടിക്ക്  എന്താണ്  ചെയ്യാൻ  സാധിക്കുക'; രാഹുൽ മാങ്കൂട്ടത്തിൽ അദ്ധ്യായം അവസാനിച്ചതായി ദീപാ ദാസ് മുൻഷി

Saturday 23 August 2025 10:55 AM IST

തൃശൂർ: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചതോടെ ഈ അദ്ധ്യായം അവസാനിച്ചതായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. രാഹുലിനെതിരെ ഏതെങ്കിലും സ്ത്രീയിൽ നിന്നോ കുടുംബത്തിൽ നിന്നോ ഇതുവരെ പാർട്ടിയിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. പൊലീസിൽ രാഹുലിനെതിരെ എഫ്‌ഐആർ ഇല്ല. പാർട്ടിയിൽ നിന്നും രാഹുലിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും ദീപാദാസ് മുൻഷി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'രാഹുലിനെതിരെ നിരവധിപ്പേർ പരാതി ഉന്നയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രാഹുൽ വ്യക്തമായി പ്രതികരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ചുമതലയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു. വിഷയത്തിൽ കമ്മിറ്റി കൂടുമെന്ന് ഇന്ന് ഒരു വാർത്ത കണ്ടു. പരാതിയൊന്നും ലഭിക്കാതെ പാർട്ടിക്ക് എന്താണ് ചെയ്യാൻ സാധിക്കുക? ഇതൊരു നിയമപോരാട്ടമോ പരാതിക്കെതിരായ പോരാട്ടമോ അല്ല. ധാർമികതയുടെ വശത്താണ് പാർട്ടി എപ്പോഴും നിന്നിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും. രാഹുലിനെ പാർട്ടിയിൽ നിന്ന് മാറ്റിയതല്ല, സ്വയം രാജിവച്ചതാണ്'- ദീപാ ദാസ് മുൻഷി വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് വിവരമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിൽ ഗൗരവപരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരള സ്‌കൂൾ ശാസ്‌ത്രോത്സവം സംഘാടക സമിതി യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാനും നിർദേശമുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.