റബറിന് പകരം എന്താണെന്ന ചോദ്യത്തിന് ഉത്തരമായി; നട്ട് മൂന്നാം വർഷം മുതൽ ആദായം, നൂറ് വർഷം വിളവ് ലഭിക്കും

Saturday 23 August 2025 11:06 AM IST

കാളികാവ്: കിഴക്കൻ മലയിൽ നിന്നും ഇനി ഭക്ഷ്യഎണ്ണയായ പാമോയിലിന്റെ വിളവെടുപ്പും നടക്കും. റബർ വെട്ടിമാറ്റി പതിനഞ്ചേക്കറിൽ എണ്ണപ്പന പരീക്ഷണത്തിലാണ് കർഷകൻ. കാളികാവ് അടക്കാക്കുണ്ട് മാഞ്ചോലയിലാണ് എണ്ണപ്പന വിളവെടുപ്പിന് പാകമായി നിൽക്കുന്നത്.

നിലമ്പൂർ സ്വദേശി പൊട്ടംകുളം തോമസ് കെ. ജോർജാണ് റബർ വെട്ടിമാറ്റി പതിനഞ്ചേക്കറിൽ എണ്ണപ്പന കൃഷി തുടങ്ങിയത്.

മൂന്നു വർഷം മുമ്പ് നട്ട തൈ വേഗത്തിൽ വലുതായി. ഈ വർഷം എല്ലാ തൈകളിലും കുലകളായി.

ഈ വർഷം ഒക്ടോബർ അവസാനത്തോടെ വിളവെടുക്കും. എണ്ണൂറോളം പനകളാണ് വിളവെടുപ്പിനായി ഒരുങ്ങി നിൽക്കുന്നത്.

കിഴക്കൻ മേഖലയിൽ ആദ്യമായാണ് എണ്ണപ്പന കൃഷി ചെയ്യുന്നത്

കൊല്ലത്ത് സർക്കാരിനു കീഴിലുള്ള ഒരു ഫാമിൽ നിന്നാണ് തൈകൾ കൊണ്ടു വന്ന് നട്ടത് .ശാസ്ത്രീയമായ രീതിയിൽ ചെയ്ത കൃഷി നിരാശപ്പെടുത്തിയില്ല. മൂന്നു വർഷം കഴിഞ്ഞ പനകളിൽ എല്ലാം നിറയെ കുലകൾ വിരിഞ്ഞു.

മേഖലയിൽ എണ്ണപ്പന കൃഷി വ്യാപകമാകുന്നതുവരെ വിളവെടുത്ത ഉത്‌പന്നങ്ങൾ കൊല്ലത്ത് ഫാമിൽ എത്തിച്ചു കൊടുക്കാനാണ് പരിപാടി.

വലിയ ലാഭം

വിളവെടുപ്പ് തുടങ്ങിയാൽ നൂറ് വർഷത്തിലധികം കാലം വിളവ് ലഭിക്കും.

പന വലുതാകുന്നതോടെ മറ്റു ഇടവിളകളും കൃഷി ചെയ്യാൻ സാധിക്കും.

റബറിനോളം കൂലിച്ചെലവുകളാ വളപ്രയോഗമോ വേണ്ടാത്ത എണ്ണപ്പന ആദായകരം തന്നെയാണെന്നാണ് കർക്ഷൻ പറയുന്നത്.

മലേഷ്യ ,സിങ്കപ്പൂർ ഇന്തൊനേഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ എണ്ണപ്പന കൃഷിയുള്ളത്.