'രാഹുലിനെതിരെയുളള ആരോപണങ്ങളും മുകേഷിനെതിരെയുളള ആരോപണവും ഒരുപോലെയല്ല'; വിമർശിച്ച് പി കെ ശ്രീമതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളും മുകേഷിനെതിരായ ആരോപണങ്ങളും ഒരുപോലെയല്ലെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി. രാഹുൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്നും അവർ പറഞ്ഞു. 'മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം വന്നപ്പോൾ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന് പറഞ്ഞിട്ടില്ല. ഷാഫിയും, വി ടി ബൽറാമും മറുപടി പറയണം. മറ്റെല്ലാ വിഷയത്തിലും അഭിപ്രായം പറയുന്നവരാണ് ഇവർ'- പി കെ ശ്രീമതി പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചിരുന്നു. കേരളത്തിൽ ആരോപണവിധേയരായ ആളുകളെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കും സിപിഎമ്മിനും കോൺഗ്രസിനെ വിമർശിക്കാൻ അവകാശമില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിൽ ഗൗരവപരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അദ്ദേഹത്തിനെതിരെ ഒരു പരാതി പോലും ഉണ്ടായിട്ടില്ല. എന്നിട്ടും ആരോപണങ്ങൾ വന്ന് 24 മണിക്കൂറിനുളളിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചു. ഈ കാര്യങ്ങളിൽ വിമർശനങ്ങൾ നടത്തുന്നവർ ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കേരളത്തിൽ ആരോപണവിധേയരായ ആളുകളെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് ആളുകൾ ക്ലിഫ് ഹൗസിലേക്കാണ് മാർച്ച് നടത്തേണ്ടതെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.