തൂശനില മുതൽ രണ്ടു കൂട്ടം പായസം വരെ, 140 രൂപയ്ക്ക് കോളാക്കാം; ഓണസദ്യ എളുപ്പത്തിൽ വീട്ടിലെത്തിക്കും
കൊല്ലം: അടുക്കളയിലെ എരിപൊരി ഓണസദ്യയൊരുക്കലിന്റെ കാലം കഴിഞ്ഞു, ഇനി കൈ കഴുകി ഉണ്ണാൻ ഇരുന്നാൽ സദ്യ വിളമ്പാൻ കുടുംബശ്രീ ക്യൂവിലുണ്ട്. ജില്ല കുടുംബശ്രീ മിഷനാണ് ഓണസദ്യയുമായി വീടുകളിലേയ്ക്ക് എത്തുന്നത്. തൂശനില, ചോറ്, അവിയൽ, സാമ്പാർ, കാളൻ, തോരൻ, അച്ചാറുകൾ, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, രണ്ടുതരം പായസം എന്നിവ ഉൾപ്പടെയുള്ള നാടൻ സദ്യയാണ് വിളമ്പുന്നത്. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് വിഭവങ്ങൾ തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഇതിനനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകുമെന്ന് മാത്രം.
മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ചാകും സദ്യ എത്തിക്കുക. 30 വരെ സദ്യ ബുക്ക് ചെയ്യാം. ബ്ലോക്ക് അടിസ്ഥാനത്തിലാണ് സദ്യ തയ്യാറാക്കുന്നത്. ജില്ലയിൽ പത്ത് ബ്ലോക്കുകളിലായി 41 യൂണിറ്റുകൾ വഴി സദ്യ ലഭ്യമാക്കും. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലാണ് സദ്യ എത്തിക്കുന്നത്.
50 പേർക്കുള്ള സദ്യ ഓർഡർ ചെയ്താൽ വീടുകളിലെത്തിക്കും. അഞ്ച് കിലോമീറ്റർ വരെ ഫ്രീ ഡെലിവറിയാണ്. മറ്റ് കാറ്ററിംഗ് സ്ഥാപനങ്ങളെ അപേക്ഷിച്ച് നിരക്ക് കുറവാണെന്നത് കുടുംബശ്രീയുടെ പ്രത്യേകതയാണ്. ജില്ലയിൽ എവിടെ നിന്ന് വേണമെങ്കിലും സദ്യ ഓർഡർ ചെയ്യാം. ഹരിത ചട്ടം പാലിച്ചാണ് സദ്യയൊരുക്കലും വിളമ്പലും.
വിഭവങ്ങൾക്ക് അനുസരിച്ച് വില
വിഭവങ്ങൾ-19
വില ₹ 140
വാഴയില, ചോറ്, ചിപ്സ്, ശർക്കര വരട്ടി, പരിപ്പ് കറി, പപ്പടം, അവിയൽ, കൂട്ടുകറി, ക്യാബേജ് തോരൻ, പച്ചടി, ഇഞ്ചി, നാരങ്ങ-മാങ്ങ അച്ചാർ, സാമ്പാർ, പുളിശ്ശേരി, പച്ചമോര്, അടപ്രഥമൻ, പഴം.
വിഭവങ്ങൾ-22
വില ₹ 170 വാഴയില, ചോറ്, ചിപ്സ്, ശർക്കര വരട്ടി, പരിപ്പ് കറി, പപ്പടം, അവിയൽ, കൂട്ടുകറി, ക്യാബേജ് തോരൻ, തീയൽ, പച്ചടി, കിച്ചടി, ഇഞ്ചി, നാരങ്ങ-മാങ്ങ അച്ചാർ, സാമ്പാർ, പുളിശ്ശേരി, പച്ചമോര്, അടപ്രഥമൻ, പായസം (അരി/ വെർമസലി), പഴം.
വിഭവങ്ങൾ-25
വില ₹ 200
വാഴയില, ചോറ്, ചിപ്സ്, ശർക്കര വരട്ടി, പരിപ്പ് കറി, പപ്പടം, അവിയൽ, കൂട്ടുകറി, ക്യാബേജ് തോരൻ, തീയൽ, പച്ചടി, പൈനാപ്പിൾ/ ഏത്തക്ക പച്ചടി, കിച്ചടി, മെഴുക്കുവരട്ടി, ഇഞ്ചി, നാരങ്ങ-മാങ്ങ അച്ചാർ, സാമ്പാർ, പുളിശ്ശേരി, പച്ചമോര്, അടപ്രഥമൻ, പായസം (അരി/ വെർമസലി), കടലപ്പായസം, പഴം.
25 പേർക്ക് മുകളിലുള്ള ഓർഡറുകൾക്ക് ഈ നിരക്ക് ബാധകം
ഇതിന് താഴെയെങ്കിൽ വിലയിൽ വ്യത്യാസം
വിളിക്കേണ്ട നമ്പർ
7736536064
8606835825
എം.ഇ.സി ഗ്രൂപ്പുകളുടെ മേൽനോട്ടത്തിലാണ് കോൾ സെന്ററുകളുടെ പ്രവർത്തനം. കുടുംബശ്രീയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുവഴി ഓണസദ്യയുടെ പരസ്യങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങി.
കുടുംബശ്രീ അധികൃതർ