പുതിയ ബസുകൾ ഇടിച്ച് നശിപ്പിക്കരുത്, അലങ്കരിച്ച് കൊണ്ടുനടക്കണമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ പുതിയ ബസുകൾ ഇടിച്ച് നശിപ്പിക്കരുതെന്നും അലങ്കരിച്ച് കൊണ്ടുനടക്കണമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കനകക്കുന്നിൽ സംഘടിപ്പിച്ച വാഹന പ്രദർശനത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.
'ഇലക്‌ട്രിക് ബസുകൾ ലാഭകരമല്ല. ഒരു ബാറ്ററി ബസ് വാങ്ങുന്ന പൈസയ്ക്ക് നാല് ഡീസൽ ബസ് വാങ്ങാം. ഇപ്പോൾ നിരത്തിലിറക്കിയ എസി ഡീസൽ ബസുകൾക്ക് അഞ്ചര, ആറ് കിലോമീറ്റർവരെ മൈലേജ് കിട്ടുന്നുണ്ട്. മാത്രമല്ല, കെഎസ്‌ആർടിസിയുടെ ട്രാവൽ കാർഡുകൾ കടകൾ വഴിയും വിൽക്കുന്നുണ്ട്. 90000 കാർഡുകൾ ഇറക്കിയത് വിറ്റുതീർന്നു. പിന്നാലെ 30000 കാർഡുകൾ ഇറക്കിയതിൽ ഒരെണ്ണം പോലും ബാക്കിയില്ല. കാർഡിന്റെ ഒരു ഭാഗത്ത് സ്വകാര്യ കമ്പനികളുടെ പരസ്യം നൽകുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. ഇതും കെഎസ്‌ആർടിസിക്ക് ലാഭമാണ്'- മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് ഓണത്തിന് ബോണസ് നൽകുമെന്നും പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.
അതിനിടെ, കെഎസ്‌ആർടിസിയെ നിലനിറുത്താൻ പ്രതിദിനം ധനവകുപ്പ് ചെലവിടുന്നത് നാല് കോടി രൂപയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഗതാഗതവകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടന്ന‘ട്രാൻസ്പോ’എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിമാസ ശമ്പളവിതരണത്തിനുള്ള 80 കോടിയിൽ 50 കോടിയും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേരളത്തിൽ ഏറ്റവും ബ്രാൻഡ് വാല്യുവുള്ള സ്ഥാപനം കെഎസ്‌ആർടിസിയാണെന്നും അദ്ദേഹം പറഞ്ഞു.