ച്യൂയിംഗ് ഗം ആളത്ര ചില്ലറക്കാരനല്ല; ചവച്ചാൽ ബുദ്ധിശക്തിയും സന്തോഷവും വർദ്ധിക്കും, പഠനം
ച്യൂയിംഗ് ഗം ഉപയോഗിക്കുന്നവരാണ് നമ്മളിൽ ചിലരൊക്കെ. ക്ലാസ്സ്‌റൂമുകളിൽ ഇത് തന്നെയായിരുന്നു താരം. ബെഞ്ചിനടിയിലും ഇരിപ്പിടത്തിലുമെല്ലാം ച്യൂയിംഗ് ഗം ചവച്ച ശേഷം ഒട്ടിച്ചു വെക്കാതെ പലരുടെയും കുട്ടിക്കാലം കഴിഞ്ഞു പോകാറില്ല. ബോറഡി മാറ്റാനാണ് പലരും ച്യൂയിംഗ് ഗം ചവയ്ക്കുന്നത്. എന്നാൽ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നമ്മുടെ തലച്ചോറിന് കൂടുതൽ ബുദ്ധിശക്തിയും സന്തോഷവും നൽകുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അഞ്ച് മിനിട്ട് നേരത്തേക്ക് ച്യൂയിംഗ് ഗം പൊലുള്ള മൃദുവായ വസ്തുക്കൾ ചവയ്ക്കുന്ന ചെറുപ്പക്കാർക്ക് ഒട്ടേറെ മാറ്റങ്ങൾ തലച്ചോറിലുണ്ടാകുമെന്നാണ് ഫലങ്ങൾ കാണിക്കുന്നത്. വിപുലമായ ബ്രെയിൻ സ്കാനറുകൾ ഉപയോഗിച്ചാണ് തലച്ചോറിലെ ഇത്തരം മാറ്റങ്ങളെ ഗവേഷകർ അളന്നിരിക്കുന്നത്. കൂടുതൽ കഠിനമായി ചവയ്ക്കുമ്പോൾ, നമ്മുടെ തലച്ചോറ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കും. കൂടാതെ തലച്ചോറിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും അവയുടെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ സജീവമാക്കുകയും ചെയ്യുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനും പതിവായി ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. ഇത് ആളുകളെ അവരുടെ ഉള്ളിലെ കോപവും പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും. വായ്‌നാറ്റം കുറയ്ക്കാനും, പല്ലിലെ മഞ്ഞ നിറം മാറാനും സഹായിക്കും.
മാത്രമല്ല കടുപ്പമുള്ള വസ്തുക്കൾ ചവയ്ക്കുന്നതും നിങ്ങളുടെ തലച്ചോറിന് ആവശ്യമായ ഉത്തേജനം നൽകുമെന്നാണ് പഠനങ്ങളിൽ കാണിക്കുന്നത്. ക്യാരറ്റ്, ആപ്പിൾ, നട്‌സ്, ക്രിസ്പിയായ പച്ചക്കറികൾ ക്രഞ്ചിയായ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് എന്തെങ്കിലും കാര്യങ്ങൾ ഓർത്തെടുക്കുവാൻ നമ്മൾ കൂടുതൽ കഠിനമായി ചവയ്ക്കുമ്പോൾ തലച്ചോറ് കൂടുതൽ ഉണർന്ന പ്രവർത്തിക്കുമെന്നാണ് പറയുന്നത്. തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താനും കുറഞ്ഞ കാലയളവിൽ ഓർമ്മശക്തി മെച്ചപ്പെടുത്താനും ഇത് സഹായിച്ചേക്കാം.