മത്സരയോട്ടവും ഓവർ സ്പീഡും ഇനി ഓർമ്മമാത്രം; പ്രശ്നക്കാരെ പിടിക്കാൻ ക്യാമറയെക്കാൾ കിടിലനൊരാൾ എത്തുന്നു, സഹായിക്കാൻ എഐയും
കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് എ.ഐ കൊണ്ട് കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ്. ഇതിനായി അർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിഷ്ഠിത ജിയോ ഫെൻസിംഗ് അണിയറയിൽ ഒരുങ്ങുന്നു. കൊച്ചിയിലാകും പദ്ധതിയുടെ തുടക്കമെന്നാണ് അറിയുന്നത്. കൊച്ചിയിൽ സ്വകാര്യ ബസുകൾ മൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും വർദ്ധിച്ചത് കണക്കിലെടുത്താണ് നീക്കം.
സമയക്രമം പാലിക്കുന്നതിന്റെ ഭാഗമായാണ് വേഗതയിൽ സർവീസ് നടത്തേണ്ടി വരുന്നതെന്നാണ് ബസുകാരുടെ വാദം. എന്നാൽ ഇവ പലപ്പോഴും അപകടങ്ങളിലാണ് കലാശിക്കുന്നത്. ബസുകളുടെ സമയം സംബന്ധിച്ചും പരിഹാരം കാണുന്നതും എം.വി.ഡിയുടെ പരിഗണനയിലാണ്. ബസുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങൾ പഠിച്ചശേഷമാകും ഇതിൽ തീരുമാനുമുണ്ടാകുക.
റോഡരികിൽ ജിയോ ഫെൻസിംഗ് പോസ്റ്റുകൾ സ്ഥാപിക്കും.
സർവീസ് നടത്തുന്ന ഒരോ ബസുകളിലും പ്രത്യേക ബാർക്കോഡ് പതിപ്പിക്കും.
ജിയോ ഫെൻസിംഗിനെ ബസ് മറികടക്കുമ്പോൾ സമയം, വേഗത തുടങ്ങിയവ നിമിഷങ്ങൾക്കകം രേഖപ്പെടുത്തും.
ഇതിൽ നിന്ന് ബസിന് അനുവദിച്ച സമയം, അമിതവേഗം എന്നിവയും രേഖപ്പെടുത്തും.
ഇത് എം.വി.ഡിക്ക് കൈമാറും. ഇതിന് പിന്നാലെ നിയമ നടപടികൾ കടുപ്പിക്കുമ്പോൾ മരണപ്പാച്ചിൽ കുറയുമെന്ന് പ്രതീക്ഷ
മത്സരയോട്ടം പതിവ് കാഴ്ച
യാത്രക്കാരുടെ ജിവന് വിലകൽപ്പിക്കാതെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം കൊച്ചിയിലെ പതിവ് കാഴ്ചയാണ്. തിരക്കുള്ള സമയങ്ങളിലും അമിതവേഗത്തിന് കുറവില്ല. തേവര എസ്.എച്ച് കോളേജിലെ ഒരു വിദ്യാർത്ഥിയുടെ ജീവനാണ് സ്വകാര്യ ബസിന്റെ അമിതവേഗം മൂലം ഒടുവിൽ നിരത്തിൽ പൊലിഞ്ഞത്. ട്രാഫിക് സിഗ്നലുകളിൽ വാഹനം കുത്തിക്കയറ്റുക, നിറുത്താതെ ഹോൺ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നിവയും സ്ഥിരം കാഴ്ച തന്നെ.
1631 അപകട മരണം
ജില്ലയിൽ പത്തോളം പേർക്കാണ് വിവിധയിടങ്ങളിലായി വാഹനാപകടങ്ങളിൽ അടുത്തിടെ ജീവൻ നഷ്ടമായത്. അപകടങ്ങളിൽപ്പെടുന്നത് ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. ഇത് വരുത്തിവയ്ക്കുന്നത് വലിയ വാഹനങ്ങളും. റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഈ വർഷം ആദ്യ ആറു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഉണ്ടായ റോഡപകടങ്ങൾ - 21,277
ജീവൻ നഷ്ടമായവരുടെ എണ്ണം - 1631
പരിക്കേറ്റവരുടെ എണ്ണം - 24,226
സംസ്ഥാനത്തുണ്ടായ അപകടങ്ങളിൽ 25 ശതമാനവും നടന്നത് എറണാകുളം ജില്ലയിൽ.