35നും 67നും ഇടയിൽ പ്രായമുളള വീട്ടമ്മമാർ; ഒറ്റവർഷം കൊണ്ട് സമ്പാദിക്കുന്നത് 15 ലക്ഷം, നെടുമങ്ങാട്ടെ വനിതകൾ തിരക്കിലാണ്
സമൂഹത്തിന്റെ വിവിധ മേഖലകളിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവിനായി ഏഴ് വർഷം മുൻപ് തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജീവൻ നൽകിയ 'രുദ്രതാളം' എന്ന പേരുള്ള ശിങ്കാരിമേള കൂട്ടായ്മ ഇപ്പോൾ കേരളവും കടന്ന് തമിഴ്‌നാട് വരെ എത്തിയിരിക്കുകയാണ്. സൗഹൃദ കൂട്ടായ്‌മയുടെ നിറവിൽ മേളം കൊട്ടിയുയർത്തുന്ന ഈ സ്ത്രീ സാന്നിദ്ധ്യം തിരുവനന്തപുരത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നായി മാറിയിട്ടുണ്ട്.
കേരളത്തിന്റെ വിവിധ ജില്ലകളിൽ പരിപാടി അവതരിപ്പിച്ച സംഘം ഇപ്പോൾ മാർത്താണ്ഡവും മധുരയും ഉൾപ്പടെ തമിഴ്‌നാട്ടിലും നൂറോളം പരിപാടികൾ അവതരിപ്പിച്ചിരിക്കുകയാണ്. കേരളമൊന്നടങ്കം ഓണത്തെ വരവേൽക്കാനൊരുങ്ങി നിൽക്കുമ്പോൾ രുദ്രതാളത്തിലെ വനിതകളും പരിപാടിയുടെ തിരക്കിലേക്ക് പോകുകയാണെന്നാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞത്.
സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്ഥിരം പദ്ധതികളിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സംരംഭം. 2017ൽ ബ്ലോക്ക് പ്രസിഡന്റ് ബിജുവിന്റെ നേതൃത്വത്തിലാണ് ശിങ്കാരിമേളം ടീം എന്ന ആശയം ഉയർന്നുവന്നത്. ഒരു കാലത്ത് പുരുഷൻമാർ മാത്രം കുത്തകയാക്കി വച്ചിരുന്ന മേള കലാരംഗത്ത് എന്തുകൊണ്ട് സ്ത്രീകൾക്കും കടന്നു വന്നുകൂടായെന്ന ചോദ്യവും വന്നിരുന്നു. 35 മുതൽ 67 വയസ് വരെയുള്ള സ്ത്രീകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്. ഒറ്റ ടീമിൽ നിന്ന് തുടങ്ങിയ ശിങ്കാരിമേളം ഇന്ന് 20 പേർ വീതമടങ്ങുന്ന രണ്ട് ടീമുകളായി മാറിയിരിക്കുകയാണ്.
അഞ്ച് ഗ്രാമങ്ങളിൽ നിന്നും ശിങ്കാരിമേളം പഠിക്കാൻ താൽപര്യമുള്ള വനിതകളെ കണ്ടെത്തുകയും ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന പരിശീലനത്തിലൂടെ 23 പേരടങ്ങുന്ന ഒരു ടീമിനെ രൂപീകരിക്കുകയുമാണ് ചെയ്തത്. ശിങ്കാരിമേളം കലാകാരൻ മുരളീധരൻ നായരുടെ കീഴിൽ കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ വച്ചായിരുന്നു പരിശീലനം. രൂപീകരിച്ച ശിങ്കാരിമേള ടീമിനായുള്ള വാദ്യോപകരണങ്ങളും യൂണിഫോമും ബ്ലോക്ക് പഞ്ചായത്ത് തന്നെയാണ് നൽകിയത്.
ആദ്യ ടീമിന്റെ പരിശീലനവും പരിപാടികളും വിജയമായതോടെ രുദ്രതാളം അവരുടെ രണ്ടാമത്തെ സംഘത്തിന്റെ പരിശീലനവും പൂർത്തിയാക്കുകയായിരുന്നു. പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മുൻ മന്ത്രി കെ രാധാകൃഷ്ണന്‍, ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അരങ്ങേറ്റം. പ്രസാദ് എസ് പി ഗുരുകൃപയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിച്ചത്.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെന്നും ഒരു ദിവസം തന്നെ രണ്ടു പരിപാടികളുടെ ബുക്കിംഗ് വരെ ലഭിക്കുന്നുണ്ടെന്നും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി പറഞ്ഞു. കൂടുതലും വീട്ടമ്മമാരാണ് സംഘത്തിലുള്ളതെന്നും മാനസികപരമായി അവർ ഒരുപാട് സന്തോഷിക്കുന്നുണ്ടെന്നും അമ്പിളി കൂട്ടിച്ചേർത്തു. സർക്കാരിന്റെ നിരവധി പരിപാടികളിലും സർക്കാർ ഇതര പരിപാടികളിലും ഉത്സവങ്ങളിലുമൊക്കെ നിറസാന്നിദ്ധ്യമായി രുദ്രതാളം മാറിക്കഴിഞ്ഞിരിക്കുകയാണ്.
സാമ്പത്തിക ഭദ്രത കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പരിപാടികളിൽ നിന്നും ലഭിക്കുന്ന വരുമാനം വർഷം തോറും തുല്യമായി പങ്കിട്ട് എടുക്കുകയാണ് ഈ സംഘടന ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ട് സംഘത്തിൽ നിന്നും പ്രതിവർഷം 15 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. ഉപജീവന മാർഗം എന്നതിലുപരി ശിങ്കാരിമേളം ഇപ്പോള്‍ ഈ വനിതകളുടെ ജീവന്റെ താളം കൂടിയാണ്.
ശിങ്കാരിമേളം കലാകാരികളെന്ന വിശേഷണം ഇവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്. ശിങ്കാരിമേളം കലാരംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയ ഇവർ മാർത്താണ്ഡം, മധുര, ചെന്നൈ എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ച് കൈയടി നേടി കഴിഞ്ഞു. സംഘത്തിൽ 40,000 രൂപ വരെ പരിപാടികളിൽ നിന്ന് വരുമാനമായി ലഭിച്ചവരുമുണ്ട്.