ഞാൻ പോകുന്നുവെന്ന് കുറിപ്പ്, തിരുവനന്തപുരത്ത് യുവതിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Saturday 23 August 2025 4:13 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സും ആ​റ്റിങ്ങൽ പളളിക്കൽ സ്വദേശിയുമായ അഞ്ജലി റാണിയാണ് (28) മരിച്ചത്. വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അഞ്ജലിയുടേതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ ഞാൻ പോകുന്നുവെന്നായിരുന്നു എഴുതിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കി. വിവാഹിതയായ അഞ്ജലി ജോലിക്കുവേണ്ടി നെയ്യാറ്റിൻകരയിലെ ഒരുവീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. ആശുപത്രിയിലെ നാല് ജീവനക്കാരും യുവതിയോടൊപ്പമായിരുന്നു താമസം. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ അഞ്ജലിക്ക് ഇന്ന് അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്യൂട്ടിക്ക് പോയിരുന്നു.

സംഭവസമയം അഞ്ജലി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സമയമേറെയായിട്ടും യുവതിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.