കുടുംബശ്രീയിലൂടെ വളർച്ച, ഒന്നുമില്ലായ്‌മയിൽ നിന്ന് മാസം രണ്ടര ലക്ഷം രൂപ വരുമാനമുള്ള കമ്പനി ഉടമയായി ബിന്ദു
തനിക്ക് മുന്നിൽ വന്ന ഒരു അവസരങ്ങളോടും നോ പറഞ്ഞില്ല. അറിവോ സാഹചര്യങ്ങളോ ഇല്ലാതിരുന്നിട്ടും അവസരങ്ങളെ ആയുധമാക്കി തിരുവനന്തപുരം സ്വദേശിനി ബിന്ദു പള്ളിച്ചൽ എന്ന വീട്ടമ്മ വാർത്തെടുത്തത് ലക്ഷങ്ങൾ ടേൺ ഓവറുള്ള സ്വന്തം കമ്പനിയാണ്. തോറ്റുകൊടുക്കാൻ മനസില്ലെങ്കിൽ വിജയം ഉറപ്പാണെന്നതിന് ഉദാഹരണമാണ് 53കാരിയായ ബിന്ദുവിന്റെ ജീവിതകഥ.
തിരുവനന്തപുരം പൂജപ്പുരയിലെ ഒരു നിർധന കുടുംബത്തിലാണ് ബിന്ദു ജനിച്ചത്. അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബം ജീവിതം ഓരോദിവസവും തള്ളിനീക്കാൻ തന്നെ ഏറെ പാടുപെട്ടു. കൂലിപ്പണിയായിരുന്നു അച്ഛന്, അമ്മ വീട്ടമ്മയും. കുടുംബത്തിന് താങ്ങാകാനും സ്വന്തം ചെലവ് കണ്ടെത്താനും 15ാം വയസിൽ ബിന്ദു കുട്ടികൾക്ക് ട്യൂഷൻ പഠിപ്പിച്ച് തുടങ്ങി. പ്രീഡിഗ്രി പഠനം വരെയും ട്യൂഷൻ വരുമാനത്തിലൂടെയായിരുന്നു ബിന്ദു ചെലവ് നോക്കിയിരുന്നത്.
24ാം വയസിൽ വിവാഹിതയായി പള്ളിച്ചലിലെത്തി. എന്നിരുന്നാലും ജീവിത സാഹചര്യങ്ങൾ വ്യത്യാസപ്പെട്ടില്ല. പഴയതുപോലെ ട്യൂഷൻ എടുക്കാൻ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല. തുടർന്നാണ് ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ഒരു ഹെയർ ഓയിൽ നിർമിക്കാൻ തീരുമാനിക്കുന്നത്. ഇതിനായി ആദ്യ സാമ്പത്തിക സഹായം നൽകിയത് ഭർത്താവിന്റെ അമ്മയാണ്. അമ്മായിയമ്മ നൽകിയ 1000 രൂപയിലായിരുന്നു 18 വർഷങ്ങൾക്ക് മുൻപ് ബിന്ദുവിന്റെ തുടക്കം. അങ്ങനെ ഹെയർ ഓയിൽ നിർമിച്ചു. സെക്കന്റ് ഹാൻഡ് കുപ്പിയിൽ എണ്ണ നിറച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കും നൽകിയെങ്കിലും മുടികൊഴിയുമോയെന്ന് ഭയന്ന് ഉപയോഗിക്കാൻ പലരും മടിച്ചു. തുടർന്ന് ചെറിയ സാഷെകളിലാക്കി സൗജന്യമായി നൽകി. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
പിന്നാലെ കുപ്പികളിലാക്കി വീടുകളിൽ കയറിയിറങ്ങി വിൽപന ആരംഭിച്ചു. ഒരു സുഹൃത്തും ഒപ്പം കൂടി. ഇതിനിടെ മറ്റൊരു വാർഡിലെ സിഡിഎസ് ചെയർപേഴ്‌സണെ പരിചയപ്പെട്ടു. കുടുംബശ്രീയുമായി ബന്ധപ്പെട്ടാൽ ബിസിനസ് കൂടുതൽ മെച്ചമാകുമെന്ന് പറഞ്ഞു. എന്നാൽ തനിക്കന്ന് കുടുംബശ്രീയെപ്പറ്റി അറിയില്ലായിരുന്നുവെന്ന് ബിന്ദു പറയുന്നു. കുടുംബശ്രീയുടെ സംസ്ഥാന മിഷനിലാണ് സുഹൃത്തിനൊപ്പം ബിന്ദു എത്തിയത്. മന്ത്രി വി ശിവൻകുട്ടിയുടെ ഭാര്യ പാർവ്വതി ദേവി ആയിരുന്നു പിആർഒ. പാർവ്വതി ഏറെ സഹായങ്ങൾ ചെയ്തുതന്നുവെന്ന് ബിന്ദു ഓർക്കുന്നു.
കുടുംബശ്രീയുടെ പത്താം വാർഷികം തിരുവനന്തപുരത്തെ സെന്റ് മേരീസ് സ്‌കൂളിൽ നടക്കുകയായിരുന്നു. അവിടെ തന്റെ ഹെയർ ഓയിൽ വിൽക്കാൻ ബിന്ദുവിന് അവസരം ലഭിച്ചു. കുപ്പിയിൽ ബെസ്റ്റ് ക്വാളിറ്റി എന്നുമാത്രം ലേബൽ ചെയ്തായിരുന്നു വിൽപന. അന്നത്തെ തദ്ദേശവകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും സ്റ്റാളിലെത്തി. ഹെയർ ഓയിലിനെക്കുറിച്ച് ചോദിച്ചു. നന്നായി വരട്ടെ എന്ന് അനുഗ്രഹിച്ച് മടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവർ ഹെയർ ഓയിൽ വാങ്ങി. അന്ന് 36 കുപ്പികളും വിറ്റുപോയതായി ബിന്ദു പറഞ്ഞു. കുപ്പിയിൽ പേരും ഫോൺ നമ്പറും ഉൾപ്പെടെ ലേബൽ നൽകണമെന്നും കുടുംബശ്രീയിൽ നിന്ന് ബിന്ദുവിന് ഉപദേശം ലഭിച്ചു. ഇതിനുശേഷം മാസച്ചന്ത എന്ന പേരിൽ കുടുംബശ്രീ നടത്തിയ മേളയിലും അവസരം ലഭിച്ചു. ഹെയർ ഓയിലിന് പുറമെ രാമച്ചത്തിന്റെ ബാത്ത് സ്‌ക്രബും വിൽപനയ്ക്ക് വച്ചു. കോട്ടൺ നെറ്റിൽ രാമച്ചം നിറച്ച് സ്വന്തമായാണ് ബാത്ത് സ്‌ക്രബ് തയ്യാറാക്കിയത്. എന്നാൽ ആകെ രണ്ട് സ്ക്രബർ മാത്രമായിരുന്നു അന്ന് വിൽക്കാൻ സാധിച്ചത്. ആദ്യമായി ഒരു മേളയിൽ വിൽപന നടത്തിയപ്പോൾ 20 രൂപയായിരുന്നു ലഭിച്ച വരുമാനമെന്ന് ബിന്ദു പറയുന്നു. ഏറെപ്പേർ വിമർശിച്ചു, എന്നാലും തോൽക്കാൻ ബിന്ദു തയ്യാറായിരുന്നില്ല.
പിന്നീട് 2010ൽ നടന്ന ദേശീയ അന്നം ഫെസ്റ്റിൽ ബിന്ദുവിന് അവസരം ലഭിച്ചു. ഔഷധക്കഞ്ഞി പോലെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്ന് കുടുംബശ്രീ അധികൃതർ ബിന്ദുവിനോട് ചോദിച്ചു. ഔഷധക്കഞ്ഞിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെങ്കിലും ബിന്ദു ചെയ്യാമെന്നേറ്റു. ജീവിതത്തിൽ തളരാതെ മുന്നോട്ട് പോകണമെന്ന ചിന്തയായിരുന്നു തീരുമാനത്തിന് പിന്നിൽ. അദ്ധ്യാപിക അല്ലെങ്കിൽ അഭിഭാഷക ആകാനായിരുന്നു ബിന്ദുവിന് ആഗ്രഹം. അതൊന്നും സാധിക്കാത്തതിനാൽ ഇനി വഴി സംരംഭക എന്നതുതന്നെ എന്ന് ബിന്ദു ഉറപ്പിച്ചു.
അങ്ങനെ പല ആയുർവേദ വിദഗ്ദ്ധരുടെയും ഉപദേശം തേടി ഔഷധക്കഞ്ഞിയുടെ ചേരുവകൾ തയ്യാറാക്കാൻ ആരംഭിച്ചു. എന്നാൽ കഴിക്കാൻ സാധിക്കാത്ത വിധം കയ്‌പ്പായിരുന്നു അതെന്ന് ബിന്ദു പറഞ്ഞു. ഒടുവിൽ സ്വന്തമായി തന്നെ ചേരുവകൾ തയ്യാറാക്കി. സർക്കാർ തന്നെ ആയിരം ബ്രോഷർ അടിച്ചുതന്നു. മേളയിൽ സ്വന്തം ചേരുവയിൽ തയ്യാറാക്കി വിറ്റ ഔഷധക്കഞ്ഞി ഏറെ ഹിറ്റായി. അന്ന് 34 വയസായിരുന്നു പ്രായം. അന്ന് ആദ്യദിവസം തന്നെ 20,000 രൂപ വരുമാനം ലഭിച്ചു. 20 രൂപയിൽ നിന്ന് 20,000 രൂപയിലെത്തിയ നിമിഷമായിരുന്നു അത്. അഞ്ചുദിവസത്തെ മേളയിൽ നിന്ന് 50,000 രൂപയും സമ്പാദിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു അതെന്ന് ബിന്ദു പറഞ്ഞു.
ശേഷം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളിൽ വിൽപന നടത്താൻ അവസരം ലഭിച്ചു. ജീവിതത്തിൽ നിന്ന് ദാരിദ്ര്യം മാറിത്തുടങ്ങി. ഇതിനിടെ ബ്രഹ്മികൊണ്ടുള്ള ഉത്‌പന്നങ്ങൾ എന്ന ആശയം മനസിലുദിച്ചു. തുടർന്നുള്ള കുടുംബശ്രീ മേളകളിൽ ബ്രഹ്മി പായസം അവതരിപ്പിച്ചു. പിന്നാലെ ബ്രഹ്മി ജാം, ബ്രഹ്മി ഓയിൽ, ബ്രഹ്മി സിറപ്പ്, ബ്രഹ്മി മിക്‌സ് എന്നിവയും തയ്യാറാക്കി. എല്ലാത്തിനും മികച്ച സ്വീകാര്യത ലഭിച്ചു. അന്ന് പത്ത് ദിവസംകൊണ്ട് ഒരു ലക്ഷംരൂപയുടെ വിൽപന നടന്നു.
സംരംഭക യാത്രക്കിടെ വിവിധ പുരസ്‌കാരങ്ങളും ബിന്ദുവിനെ തേടിയെത്തി. 2012ൽ മികച്ച സംരംഭകയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 2014ൽ മികച്ച സംരംഭകയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. അതേവർഷം തന്നെ പാർലമെന്റിലും കുടുംബശ്രീയുടെ ഭാഗമായി പങ്കെടുക്കാൻ സാധിച്ചു. സംരംഭകയ്ക്കുള്ള കേരള കൗമുദിയുടെ പുരസ്‌കാരവും ലഭിച്ചു. ഇതിനുപുറമെ ചെറുതും വലുതുമായ പല പുരസ്‌കാരങ്ങളും തേടിയെത്തി. ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിലെത്തി മേളകൾ ചെയ്യാനും ഉത്പന്നങ്ങൾ വിൽക്കാനും സാധിച്ചു. ഇതിനുശേഷമാണ് ആതിര ഹെർബൽസ് എന്ന ചെറിയ സംരംഭത്തിൽ നിന്ന് 2022ൽ ആയുരാജ് ഇൻഡസ്‌ട്രീസ് എന്ന കമ്പനി രൂപീകരിച്ചത്. എട്ടുപേർക്ക് കമ്പനിയിലൂടെ തൊഴിൽ നൽകാൻ സാധിച്ചു. പ്രതിമാസം രണ്ടര ലക്ഷം രൂപയോളമാണ് കമ്പനിയുടെ വരുമാനം, വർഷം 25 ലക്ഷം രൂപയുടെ ടേൺ ഓവറുമുണ്ടെന്ന് ബിന്ദു പറയുന്നു. ഭർത്താവിന് പുറമെ മക്കളായ അഖിൽ, ആതിര എന്നിവരും ബിന്ദുവിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. അഖിലും ആയുരാജ് ഇൻഡസ്‌ട്രീസ് ഡയറക്‌ടറാണ്. ആതിര ആയുർവേദ ഡോക്‌ടറാകാനുള്ള പഠനത്തിലും. ബ്രഹ്മി ഉത്‌പന്നങ്ങൾക്ക് പുറമെ നീലയമരി ഓയിൽ, രാമച്ചം തലയിണ, രാമച്ചം ദാഹശമനി, രാമച്ചം ബാത്ത് സ്ക്രബ്, നാളികേര ജാം, കറ്റാർവാഴ ജാം, നാച്ചുറൽ ഫേസ്‌പാക്കുകൾ തുടങ്ങിയവയും കമ്പനി വിൽക്കുന്നു. ഉത്‌പന്നങ്ങൾക്കായി ആയുരാജ് ഇൻഡസ്‌ട്രീസിനെ ബന്ധപ്പെടാം. നമ്പർ: 9447900156, 9446974746.