'ഡൽഹിയിൽ  പഠിക്കുന്ന  കാലത്തും പല  പെൺകുട്ടികളെയും സമീപിച്ചിരുന്നു, വേണ്ട മറുപടി  നൽകി  തിരിച്ചയച്ചു'

Saturday 23 August 2025 5:00 PM IST

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി ആനി രാജ. ‌ഡൽഹിയിൽ പഠിക്കുന്ന കാലത്തും രാഹുലിനെതിരെ പരാതികൾ ഉയർന്നിരുന്നുവെന്നാണ് ആനി രാജയുടെ വെളിപ്പെടുത്തൽ. പല പെൺകുട്ടികളെയും സമാനമായ രീതിയിൽ ഇയാൾ സമീപിച്ചിരുന്നു. ആക്ടിവിസ്റ്റുകളായ പെൺകുട്ടികളെ സമീപിക്കാൻ ശ്രമിച്ചിരുന്നുവെന്നും യഥാസമയം ചുട്ട മറുപടി നൽകി തിരിച്ചയച്ചുവെന്നും ആനി രാജ പറഞ്ഞു.

കോൺഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്നും ആനിരാജ പറഞ്ഞു. രാഹുൽ നശിപ്പിച്ച ഭ്രൂണത്തിന്‍റെ അവകാശത്തെ കുറിച്ച് കോൺഗ്രസിന് എന്താണ് പറയാനുള്ളത്? രാഷ്ട്രീയ വിശ്വാസ്യതക്ക് മുന്നണിയെന്നോ, രാഷ്ട്രീയപാർട്ടികളെന്നോ ഭേദമില്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന പ്രചാരണം വളരെ ശക്തമാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന അവസരത്തിൽ രാഹുൽ രാജിവച്ചൊഴിഞ്ഞാൽ അത് കോൺഗ്രസിനും യുഡിഎഫിനും ക്ലീൻ ഇമേജുണ്ടാക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

എൽഡിഎഫിലെ ആരോപണ വിധേയർ രാജിവയ്ക്കാതിരിക്കുന്ന സന്ദർഭത്തിൽ ഇത് പാർട്ടിക്ക് ബോണസ് മാർക്ക് നൽകും എന്നും അവർ കണക്ക് കൂട്ടുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണവും രാജിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരോപണങ്ങളിൽ ഗൗരവപരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.