പെൻഷൻകാരുടെ പോരാട്ടത്തിന് സർക്കാർ ഒപ്പമുണ്ടാകും, പൂർണ  പിന്തുണ  നൽകുമെന്ന്   മന്ത്രി

Saturday 23 August 2025 6:05 PM IST

തിരുവനന്തപുരം: ഇ.പി.എസ്. പദ്ധതിയിലെ പെൻഷൻകാർക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പൂർണ പിന്തുണ നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പി.എഫ്. പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷൻകാരുടെ പോരാട്ടം വെറും സാമ്പത്തിക ആവശ്യം മാത്രമല്ല, മറിച്ച് രാജ്യത്തിന് നൽകിയ സേവനത്തിനുള്ള അംഗീകാരവും അന്തസോടെ ജീവിക്കാനുള്ള അവകാശവുമാണെന്ന് മന്ത്രി പറഞ്ഞു.

ഇ.പി.എസ്. പദ്ധതിയിലെ തൊഴിലാളി വഞ്ചന ചൂണ്ടിക്കാണിച്ച മന്ത്രി, റിട്ടയർമെന്റ് സമയത്ത് തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ നിന്ന് വലിയൊരു തുക വകമാറ്റി അതിന് തുച്ഛമായ പെൻഷൻ മാത്രം നൽകുന്നത് ചതിയാണെന്നും ചൂണ്ടിക്കാട്ടി. തൊഴിലാളികൾ സ്വന്തം പണം പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റിലോ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിലോ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് ലഭിക്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി തുക പ്രതിമാസം ലഭിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ വരുത്തിയ നയപരമായ മാറ്റങ്ങളാണ് തൊഴിലാളികളെ ദോഷകരമായി ബാധിച്ചത്. 1995ൽ പാർലമെന്റിൽ മിനിമം പെൻഷൻ 500 രൂപയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് അവഗണിക്കപ്പെട്ടു. ദീർഘകാല സമരങ്ങൾക്കുശേഷമാണ് 2014ൽ മിനിമം പെൻഷൻ 1000 രൂപയാക്കിയത്. എന്നാൽ ഇപ്പോഴും 23 ലക്ഷത്തിലധികം പേർക്ക് ആയിരം രൂപ പോലും ലഭിക്കുന്നില്ല. എന്നാൽ ഒരു വിഹിതവും നൽകാത്ത 60 വയസ്സ് കഴിഞ്ഞവർക്ക് പോലും കേരള സർക്കാർ 1600 രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നുണ്ട്.

രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടി ഞെട്ടിപ്പിക്കുന്നതാണ്. 81 ലക്ഷത്തിലധികം വരുന്ന ഇ.പി.എസ്. പെൻഷൻകാരിൽ 96 ശതമാനത്തിലധികം പേർക്കും പ്രതിമാസം 4,000 രൂപയിൽ താഴെയാണ് ലഭിക്കുന്നത്. ഇതിൽ പകുതിയിലധികം പേർക്കും 1,500 രൂപയിൽ താഴെ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ പി.എഫ്. ഫണ്ടിന്റെ ഇപ്പോഴത്തെ മൂല്യം ഏകദേശം 10 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം പലിശയിനത്തിൽ മാത്രം 58,668 കോടി രൂപ ലഭിച്ചു. എന്നിട്ടും ചെലവാക്കിയത് വെറും 23,027 കോടി രൂപ മാത്രമാണ്. ഈ വിഷയത്തിൽ കേന്ദ്ര തൊഴിൽ മന്ത്രിക്ക് നിവേദനം നൽകുമെന്നും, അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. പെൻഷൻകാരുടെ ഈ പോരാട്ടത്തിന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എപ്പോഴും കൂടെയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.