കോടികളുടെ കൃഷിനാശം, നഷ്ടപരിഹാരം അകലെ.. കർഷകർക്ക് കണ്ണീരോണം

Sunday 24 August 2025 12:01 AM IST
കണ്ണീരോണം

കോഴിക്കോട്: ഓണനാളുകൾ അടുത്തെത്തിയിട്ടും മുഖം തെളിയാതെ കർഷകർ. വിപണി ലക്ഷ്യമിട്ടിറക്കിയ വിളയെല്ലാം മഴയിൽ കുതിർന്നതും അർഹതപ്പെട്ട നഷ്ടപരിഹാരത്തുക വെെകുന്നതുമാണ് കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നത്. പയറും മത്തനും വെള്ളരിയും കയ്പയും നേന്ത്രവാഴകളും കൃഷിയിറക്കിയ കര്‍ഷര്‍ക്ക് വിളവൊന്നുമില്ല. സാധാരണനിലയില്‍ മഴ അല്‍പം മാറി നില്‍ക്കുമ്പോള്‍ വിളവെടുപ്പിന് സൗകര്യം ലഭിക്കാറുണ്ടായിരുന്നു. ഇത്തവണ അതുമുണ്ടായില്ല. മാസങ്ങളായി പരിപാലിച്ച നൂറുകണക്കിന് വാഴകളാണ് കാറ്റിലും മഴയിലും നിലം പൊത്തിയത്.

ഏകദേശം ഏഴ് കോടിയുടെ അടുത്താണ് നഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴകൃഷി നടത്തുന്ന മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് സ്ഥലത്തെ കുലച്ച വാഴകൾ നിലം പൊത്തിയതോടെ ഓണത്തിന് നേന്ത്രക്കുല കിട്ടാത്ത സ്ഥിതിയാണ്. ജില്ലയിലെ ഓണച്ചന്തകളിലേക്കും ഹോർട്ടികോർപ് ഷോപ്പുകളിലേക്കും ഏറ്റവും കൂടുതൽ വാഴക്കുലകളും പച്ചക്കറികളും കയറ്റി അയക്കുന്നത് ഇവിടെ നിന്നാണ്.

 വിളമ്പാനില്ല ശർക്കര ഉപ്പേരിയും വറുത്തുപ്പേരിയും

വാഴ കൃഷിക്കാണ് കൂടുതൽ നാശം ഉണ്ടായിട്ടുള്ളത്. ഓണക്കാലത്ത് ശർക്കര, വറുത്തുപ്പേരി എന്നിവയ്ക്ക് വൻതോതിൽ നേന്ത്രക്കുലകൾ ആവശ്യമാണ്. ഇത് മുന്നിൽ കണ്ടാണ് പലരും കൃഷി ഇറക്കിയത്. കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകർ ഒടിഞ്ഞുവീണ മൂപ്പെത്താത്ത കുലകൾ തുച്ഛമായ വിലയ്ക്ക് വിറ്റൊഴിവാക്കുകയാണ്. പ്രതികൂല കാലാവസ്ഥയായിരുന്നതിനാൽ ഉത്പാദനം വളരെ കുറഞ്ഞതും തിരിച്ചടിയായി. പച്ചക്കറിയും വൻ തോതിൽ നശിച്ചിട്ടുണ്ട്. പയര്‍ചെടിയില്‍ ഉണ്ടാവുന്ന പൂക്കള്‍ കൊഴിഞ്ഞുപോയതും ഉല്‍പാദനത്തെ ബാധിച്ചു. പച്ചക്കറികൾ പന്തലിലേക്കു കയറാൻ പാകമായപ്പോഴാണ് കൃഷിയിടത്തിൽ വെള്ളം കയറിയത്. കൃഷിത്തടത്തിൽ ദിവസങ്ങളോളം വെള്ളം നിന്നതിനാൽ മത്തന്‍, വെള്ളരി വള്ളികള്‍ എല്ലാം ചീഞ്ഞു. അവശേഷിക്കുന്നവ കീടബാധ ബാധിച്ചു. ഏക്കറ് കണക്കിന് നെൽകൃഷിയും നശിച്ചിട്ടുണ്ട്.

നഷ്ടപരിഹാരത്തുകയും അകലെ

പ്രകൃതിക്ഷോഭത്തിലും വനൃമൃഗങ്ങളുടെ അക്രമണത്തിലും കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരത്തുകയും വെെകുകയാണ്. 2024, 25 വർഷത്തെ തുകയാണ് കുടിശിക എന്ന് നൽകുമെന്ന് പറയാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് കൃഷിവകുപ്പ്. ഈ വർഷം ഏപ്രിൽ,​മേയ് മാസങ്ങളിൽ സംഭരിച്ച് ജൂണിൽ ലഭിക്കേണ്ട വിത്തുതേങ്ങയുടെ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. കൃഷിനാശത്തിനൊപ്പം അർഹതപ്പെട്ട നഷ്ടപരിഹാരതുകയും വെെകിയതോടെ വാഴക്കൃഷി അടക്കം ചെയ്തിട്ടുള്ള കർഷകർ ഇന്ന് ജപ്തി ഭീഷണിയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായാലും നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി അനുവദിക്കുകയെന്നും കർഷകർ പറയുന്നു.

'' യഥാസമയം നഷ്ടപരിഹാരം വിതരണം ചെയ്യുകയും നഷ്ടപരിഹാരത്തുക ഉയർത്തുകയും ചെയ്താൽ മാത്രമേ കർഷകർക്ക് നിലനിൽക്കാൻ സാധിക്കുകയുള്ളൂ'' എൻ രാജശേഖരൻ, കർഷക കോൺ. സ്റ്റേറ്റ് സെക്രട്ടറി