കർണ്ണാടകയുടെ 'ചാമുണ്ഡി'യായി കുട്ടിയാന
നാഗർഹോള: ചേകാടി ഗവ.എൽ.പി സ്കൂൾ വിട്ട് കബനി കടന്ന് കർണ്ണാടകയിലെ കടഗദ്ദ വനഗ്രാമത്തിലെത്തിയ മൂന്ന് മാസം പ്രായമുളള കാട്ടാനക്കുട്ടിക്ക് പേരിട്ടു - ചാമുണ്ഡി. നാഗർഹോള കടുവാ സങ്കേതത്തിന്റെ ഭാഗമായ വെളള റേഞ്ചിലെ ആനക്യാമ്പിൽ കളിച്ചും രസിച്ചും അങ്ങനെ കഴിയുകയാണ് കുട്ടിയാന. നിലവിൽ ആരോഗ്യ പ്രശ്നമൊന്നുമില്ലെങ്കിലും അധികൃതർക്ക് ഉൽക്കണ്ഠയുണ്ട്. വെറും ആട്ടിൻപാല് കുടിച്ച് കൊണ്ട് മാത്രം ജീവൻ നിലനിർത്താൻ പറ്റുമോ എന്ന്. അമ്മപ്പാല് കുടിക്കേണ്ട സമയത്താണ് ആട്ടിൻപാല് നൽകി ആനയുടെ ജീവൻ നിലനിർത്താൻ കർണ്ണാടക വനം വകുപ്പ് അധികൃതർ പെടാപാട് പെടുന്നത്. ദിവസം മൂന്ന് മുതൽ അഞ്ച് ലിറ്റർവരെ പാലാണ് കുട്ടിയാനക്ക് നൽകുന്നത്. അമ്പത് കിലോ മീറ്റർ അകലെ നിന്നാണ് ഇപ്പോൾ പാൽ എത്തിക്കുന്നത്. കട്ടിയുളള ഭക്ഷണം നൽകണമെങ്കിൽ ആനകുട്ടിക്ക് ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണമെന്നാണ് ആനപ്പാപ്പാന്മാർ പറയുന്നത്. ആനകുട്ടിയെ കേരള വനം വകുപ്പ് അതിർത്തി കടത്തി വിട്ടതാണെന്ന് കർണ്ണാടക വനം വകുപ്പ് അധികൃതർ സംശയം പ്രകടിപ്പിച്ചിരുന്നു. വെട്ടത്തൂർ വനമേഖലയിൽ വിട്ട കാട്ടാന കുട്ടി കബനിയുടെ ഒഴുക്ക് കുറഞ്ഞ ഭാഗത്തിലൂടെ അക്കരെയുളള കർണ്ണാടക വനത്തിലൂടെ കടഗദ്ദ വനഗ്രാമത്തിലേക്ക് കയറിയെന്നാണ് കേരള വനം വകുപ്പ് അധികൃതർ പറയുന്നത്. കാട്ടാന കൂട്ടത്തോടൊപ്പമാണ് കുട്ടിയാന കാട് കയറിയത്. കടുവയുടെ മുന്നിലകപ്പെട്ടാൽ ജീവൻ വരെ അപകടത്തിലാകുമെന്ന ഭയം ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പ് ജീവനക്കാർക്കുണ്ട്. ക്യാമ്പിൽ ആനക്കുട്ടിക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് കർണ്ണാടക ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹനുമന്ത രാജ് അറിയിച്ചു. ആനക്കുട്ടിയുടെ അമ്മയെ അന്വേഷിക്കുന്ന ദൗത്യം കേരള വനം വകുപ്പ് തുടരുന്നുണ്ട്.