വർണ്ണപ്പകിട്ടിന് വർണ്ണാഭമായ സമാപനം ട്രാൻസ് സമൂഹത്തെ സമഭാവനയോടെ കാണണം: മന്ത്രി ഡോ. ആർ ബിന്ദു

Sunday 24 August 2025 12:58 AM IST
സം​സ്ഥാ​ന​ ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​പ്ര​ച്ഛ​ന്ന​വേ​ഷ​മ​ത്സ​ര​ത്തി​ന് ഒ​രു​ങ്ങു​ന്ന​ ​മ​ത്സ​രാ​ർ​ത്ഥി​ ​സ്വീ​റ്റി​ ​ബ​ർ​ണാ​ഡ്

കോഴിക്കോട്: ട്രാൻസ്ജെൻഡർ സമൂഹത്തോട് സമഭാവനയിൽ അധിഷ്ടിതമായ കാഴ്ചപ്പാട് പുലർത്തണമെന്ന് സാമൂഹ്യ നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കലോത്സവ മത്സരയിനങ്ങളിൽ തിരുവനന്തപുരം ഓവറോൾ ജേതാക്കളായി. എറണാകുളം ജില്ല രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് സമ്മാന വിതരണവും മന്ത്രി നിർവഹിച്ചു. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, ഡയറക്ടർ ഡോ. അരുൺ എസ് നായർ, അഭിനേത്രിയും റിയാലിറ്റി ഷോ താരവുമായ നാദിറ മെഹ്റിൻ, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ലയ മരിയ ജയ്സൺ, ശ്യാമ എസ് പ്രഭ, ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അനാമിക, എൻ.എസ്.എസ് കോഡിനേറ്റർ ഫസീൽ അഹമ്മദ്, സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ ഷീബ മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.

തിരുവാതിരയുടെ ഈരടികളിൽ മുഴുകി വർണപ്പകിട്ട്

കോഴിക്കോട്: സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവ വേദിയിൽ ചുവടുകൾ തെറ്റാതെ മലയാളിയുടെ തിരുവാതിരകളി മത്സരം. പ്രധാന വേദിയിലെ ആദ്യ ഇനമായായിരുന്നു തിരുവാതിര. അഞ്ച് ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. മൂന്ന് ടീമുകൾ എ ഗ്രേഡും രണ്ട് ടീമുകൾ ബി ഗ്രേഡും നേടി. ഒപ്പന, മിമിക്രി, മോണോ ആക്ട്, നാടൻ പാട്ട്, പ്രച്ഛന്നവേഷം ദേശഭക്തിഗാനം, സംഘഗാനം തുടങ്ങിയ ഇനങ്ങളാണ് അവസാന ദിവസം രണ്ട് വേദികളിലായി അരങ്ങിലെത്തിയത്. സാമൂഹ്യ പ്രസക്ത വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള മോണോആക്ട് മത്സരം നിറഞ്ഞ കയ്യടി നേടി. പ്രച്ഛന്ന വേഷമത്സരത്തിൽ ഏഴ് പേർ എ ഗ്രേഡും 13 പേർ ബി ഗ്രേഡും നേടി. ഒപ്പന മത്സരവും കാണികളെ ആവേശത്തിലാക്കി. ഒപ്പന മത്സരത്തിൽ പങ്കെടുത്ത ആറ് ടീമുകളും എ ഗ്രേഡ് കരസ്ഥമാക്കിസംഘഗാനത്തിൽ പങ്കെടുത്ത മൂന്ന് ടീമുകളും എ ഗ്രേഡ് കരസ്ഥമാക്കി. നാടൻ പാട്ട് മത്സരവും മികവ് പുലർത്തി.