യൂണിവേഴ്സിറ്റി കോളേജിലെ കൊലപാതക ശ്രമം: ശിവര‌ഞ്ജിത്തിനും നിസാമിനും ജാമ്യം

Monday 23 September 2019 10:56 PM IST
UNIVERSITY COLLEGE

തിരുവനന്തപുരം: യൂണിവേഴ്സിറ്രി കോളേജിലെ എസ്.എഫ്.എെ പ്രവർത്തകനായ അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും നിസാമിനും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളാണിവർ.

ജാമ്യം ലഭിച്ചെങ്കിലും ശിവരഞ്ജിത്തിനും നിസാമിനും ജയിൽ മോചിതരാകാൻ കഴിയില്ല. യൂണിവേഴ്സിറ്രി കോളേജിൽ നിന്ന് ഉത്തര ക്കടലാസുകൾ വലിയ തോതിൽ പുറത്ത് കടത്തിയതിന് ശിവരഞ്ജിത്തിനെതിരെ മോഷണക്കേസുണ്ട്. പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ ഇരുവരും പ്രതികളാണ്. ഈ കേസുകളിൽ ഇവർക്ക് ജാമ്യം ലഭിച്ചിട്ടില്ല.

രണ്ട് ലക്ഷം രൂപയുടെ ആൾ ജാമ്യമാണ് ഇന്നലെ അനുവദിച്ചത്. ഇരുവരും യൂണിവേഴ്സിറ്രി കോളേജിൽ പ്രവേശിക്കാനോ സാക്ഷികളെ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ നേരിട്ട് ഹാജരാകണം.

കേസിൽ ആദ്യം കണ്ടാലറിയാവുന്ന 30 പേരെ പൊലീസ് പ്രതികളാക്കിയിരുന്നെങ്കിലും പിന്നീട് 18 ആയി ചുരുങ്ങി. 11 പ്രതികളെയാണ് ഇതുവരെ പിടികൂടിയത്.