ഗ്രീൻഫീൽഡ് ഹെെവേ: ജനവാസ മേഖല ഒറ്റപ്പെടുമെന്ന് ആശങ്ക
- അടിപ്പാതകളും നടപ്പാലങ്ങളും വേണം
- മതിയായ എൻട്രി എക്സിറ്റ് സംവിധനം വേണം
- കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.പി.
കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ ഉൾപ്പെടെ പുതിയ പാതകൾ വരുമ്പോൾ ജനവാസ മേഖല ഒറ്റപ്പെടുമെന്ന് ആശങ്ക. കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്കായി ആദ്യം വിഭാവനം ചെയ്ത എൻട്രി, എക്സിറ്റ് പോയിന്റുകൾ വെട്ടിച്ചുരുക്കിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതു സംബന്ധിച്ച് എം.കെ.രാഘവൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് - പാലക്കാട്, കോഴിക്കോട്-മൈസൂർ ഗ്രീൻഫീൽഡ് ഹൈവേ, കോഴിക്കോട് ബൈപാസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എം.പി ഉന്നയിച്ചത്. കോഴിക്കോട് ബൈപാസിലെ, പാച്ചാക്കിൽ, കുനിമ്മൽ താഴം, പാറമ്മൽ എന്നിവിടങ്ങളിൽ അടിപ്പാത വേണം. സ്റ്റാർ കെയർ ഹോസ്പിറ്റൽ, ഗോശാല കൃഷ്ണ ക്ഷേത്രം എന്നിവയ്ക്ക് സമീപത്തും അത്താണിയിലും ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കണം. കൂടാത്തും പാറയിൽ സർവീസ് റോഡിൽ പ്രവേശിക്കാനും പുറത്തുകടക്കാനും സൗകര്യമൊരുക്കുക, സർവീസ് റോഡ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വാഴയൂർ, പെരുമണ്ണ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ മതിയായ എൻട്രി, എക്സിറ്റ് പോയിന്റുകൾ ഇല്ലാതാകുന്നത് പ്രാദേശവാസികൾക്കും ചരക്ക് നീക്കത്തിനും അടിയന്തര യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കും.വാഴയൂരിൽ എൻട്രി പോയിന്റ് ഒഴിവാക്കിയാൽ ബേപ്പൂർ തുറമുഖം, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ബുദ്ധിമുട്ടാകും. കൊച്ചി- സേലം ദേശീയപാത 544 സാധാരണ ദേശീയപാതയായി തുടരുമ്പോൾ കോഴിക്കോട്- പാലക്കാട് റോഡ് നിയന്ത്രിത പ്രവേശനമുള്ളതാകുന്നതും വിനയാണ്.
കോഴിക്കോട്-മൈസൂർ ഹൈവേ പദ്ധതി ഒഴിവാക്കി
കോഴിക്കോട്-മൈസൂർ ഹൈവേ പദ്ധതി വിഷൻ 2047 പദ്ധതിയിൽ നിന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഒഴിവാക്കി. വനമേഖലയ്ക്കും വന്യജീവികൾക്കും ആഘാതമുണ്ടാകാതെ പദ്ധതിക്കായി നേരത്തെ ഒരു അലൈൻമെന്റ് തയ്യാറാക്കിയിരുന്നു. രാത്രികാല യാത്രയ്ക്ക് നിയന്ത്രണമുള്ള എൻ.എച്ച്-766 ഉൾപ്പെടെ, നിലവിലെ പ്രധാന വഴികൾക്ക് പകരമാണിത്. വടക്കൻ കേരളത്തിനും മൈസൂരിനും ബാംഗ്ലൂരിനുമിടയിൽ 24 മണിക്കൂർ യാത്രാ സൗകര്യവും ഉറപ്പാക്കുന്ന പദ്ധതിയാണ് ഒഴിവാക്കിയത്. ഇത് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിക്കുന്ന റോഡ് സാധാരണക്കാർക്ക് ഉപയോഗിക്കാനാകാത്ത സ്ഥിതിയുണ്ടാകരുത്.
-എം.കെ. രാഘവൻ എം.പി