വിദേശ ജോലി തട്ടിപ്പിനെതിരെ പരാതിപ്പെട്ടു ''പണം പോയി, ഇപ്പോൾ ജീവന് ഭീഷണിയും''
കൊച്ചി: ജോലിതട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടെന്ന പരാതി നൽകിയ യുവാവിന് ഭീഷണി. നൽകിയ തുക തിരിച്ചുകിട്ടാൻ പൊലീസിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പുകാരൻ ഭീഷണിയുമായി രംഗത്തെത്തിയത്. ആലുവ സ്വദേശി അബുതാഹീർ ഓരോ ദിവസവും കഴിയുന്നത് ഭീതിയോടെ. സ്വന്തം നാട്ടുകാരനും പ്രവാസിയുമായ 54കാരനെതിരെയാണ് അബുതാഹീർ പരാതിപ്പെട്ടത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന ഇയാൾ നാട്ടിൽ വിലസി നടക്കുകയാണ്. നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും അബുതാഹീർ ആരോപിക്കുന്നു. പണം സ്വന്തം നിലയ്ക്ക് വാങ്ങിയെടുക്കാനാണ് പൊലീസിന്റെ ഉപദേശം.
ഇലക്ട്രീഷ്യനാണ് 34കാരനായ അബുതാഹീർ. വിദേശജോലിയാണ് ലക്ഷ്യം. ഒരു റിക്രൂട്ടിംഗ് ഏജൻസിയുടെ ചതിയിൽപ്പെട്ട് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിരിക്കെയാണ് അബുതാഹീർ നാട്ടുകാരനായ പ്രവാസിയെ പരിചയപ്പെടുന്നത്. നഷ്ടപ്പെട്ട പണം വാങ്ങിനൽകാമെന്നും വിസ ശരിയാക്കി നൽകാമെന്നും വിശ്വസിപ്പിച്ച് 54കാരനായ പ്രവാസി 60,000 രൂപ വാങ്ങിയെടുത്തു. ഒപ്പം അബുതാഹീറിന്റെ ആത്മസുഹൃത്തിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 2.5 ലക്ഷം രൂപ കൂടി കൈക്കലാക്കി. പ്രവാസിയുടെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് മുഖേനെയാണ് പണം കൈപ്പറ്റുന്നത്. ദമ്പതികൾക്കെതിരെ രാജാക്കാട്, തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളിലെല്ലാം കേസുകളുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും ഇരുവർക്കും ജോലി തരപ്പെട്ടില്ല.
പല കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞെങ്കിലും നാട്ടുകാരൻ ചതിക്കില്ലെന്ന് അബുതാഹീർ കരുതി. അടുത്തിടെ തിരുവനന്തപുരത്ത് നിന്ന് ജോലി അന്വേഷിച്ച് വീട്ടമ്മ വിളിച്ചതാണ് വഴിത്തിരിവായത്. പലർക്കും തന്റെ ഫോൺ നമ്പർ നൽകിയാണ് പ്രവാസി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നതെന്ന് അബുതാഹീർ തിരിച്ചറിയുന്നത് അപ്പോഴാണ്. തുടർന്ന് പൊലീസിൽ പരാതി നൽകി.
'' പരാതി നൽകിയതോടെ ഭീഷണികൾ എത്തി. പുറത്തിറങ്ങുന്നത് പേടിച്ചാണ്. തനിക്ക് വിദേശജോലി ലഭിച്ചുവെന്ന് പറഞ്ഞ് തന്റെ നമ്പർ പങ്കുവച്ചാണ് തട്ടിപ്പ്. ഒരാളിൽ നിന്ന് ഒരു ലക്ഷം മുതൽ 2 ലക്ഷം വരെയാണ് വാങ്ങുന്നത്. നിരവധിപ്പേരെ കുടുക്കിയിട്ടുണ്ട്. വീട്ടമ്മയടക്കം 25ലധികം പേരാണ് തിരുവനന്തപുരത്ത് പ്രവാസിയുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്''
അബുതാഹീർ