റേഷൻ കടക്കാർക്ക് ഉത്സവബത്ത: സർക്കാർ തീരുമാനം നീളുന്നു

Sunday 24 August 2025 1:25 AM IST

കൊച്ചി: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ഓണത്തിന് ഉത്സവബത്ത നൽകുന്നത് സംബന്ധിച്ച സർക്കാർ തീരുമാനം ഇത്തവണയും വൈകുന്നു. റേഷൻ വ്യാപാരികൾക്കും സെയിൽസ്‌മാനും ഉത്സവബത്ത അനുവദിക്കണമെന്നും ഇത് ഓണത്തിനു മുൻപ് വിതരണം ചെയ്യണമെന്നും റേഷൻ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലുമായി റേഷൻ സംഘടനകൾ ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ ഉത്സവ ബത്ത അനുവദിക്കാനാകൂ എന്നതാണ് പ്രശ്‌നം.

ടി.എം. ജേക്കബ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് റേഷൻ വ്യാപാരികൾക്ക് ഉത്സവബത്ത അനുവദിച്ചു തുടങ്ങിയത്. അന്ന് 500 രൂപയായിരുന്നു ഉത്സവബത്ത. പിന്നീട് ഉത്സവബത്ത അനുവദിക്കേണ്ടത് കീഴ്‌വഴക്കമല്ലെന്നു കാട്ടി ഉദ്യോഗസ്ഥർ ഫയലിൽ നോട്ടെഴുതിയതോടെ അത് നിന്നു. പിന്നീട് അനൂപ് ജേക്കബ് മന്ത്രിയായ സമയത്ത് ഉത്സവബത്ത അനുവദിച്ചതേയില്ല.

പ്രതിഷേധത്തിന് സംഘടനകൾ

ഇടതു സർക്കാരിൽ പി. തിലോത്തമൻ മന്ത്രിയായിരുന്നപ്പോഴും ഉത്സവബത്ത നൽകിയില്ല. 2022-23 കാലത്ത് നിലവിലെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ 14,250 റേഷൻവ്യാപാരികൾക്കും 1,000രൂപ വീതം അനുവദിച്ചു. കഴിഞ്ഞ തവണ ഈ ഉത്സവബത്ത അനുവദിച്ചില്ല. ഇത്തവണ ഉത്സവബത്ത അനുവദിച്ചേ തീരൂവെന്നും അത് ആയിരത്തിൽ ഒതുക്കരുതെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വ്യാപാരിക്കും ജീവനക്കാരനും 2,000രൂപ വീതം ഉത്സവ ബത്തയായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി പി. മുഹമ്മദാലിയും മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും കത്തു നൽകി.

ഉത്സവബത്ത അനുവദിക്കുന്നത് സംബന്ധിച്ച് ധനമന്ത്രിയുമായി ആലോചിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ നിലപാടറിഞ്ഞ ശേഷം നടപടി ജി.ആർ. അനിൽ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി

ഇത്തവണ ഉത്സവബത്ത അനുവദിച്ചേ തീരൂ. ഇല്ലെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കേണ്ടിവരും ജോണി നെല്ലൂർ ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ