പനമ്പി​ള്ളി​ നഗറി​ൽ ദേ,​ അക്ഷയ്‌കുമാറും സെയ്ഫ് അലിഖാനും!

Sunday 24 August 2025 1:35 AM IST

കൊച്ചി: ശനിയാഴ്ച വൈകുന്നേരം വൈബ് തേടി പനമ്പിള്ളി നഗറിലെത്തിയവർ അന്തംവിട്ടു. പൊതുറോഡിലതാ നിൽക്കുന്നു ബോളിവുഡ് സൂപ്പർതാരങ്ങളായ അക്ഷയ്‌ കുമാറും സെയ്ഫ് അലിഖാനും! താരങ്ങളെ തിരിച്ചറിഞ്ഞതോടെ കാണികളുടെ എണ്ണംകൂടി. സംവിധായകൻ പ്രിയദർശനും കൂടെയുണ്ടായത് കൗതുകം കൂട്ടി.

പ്രിയദർശന്റെ തന്നെ മലയാളം ഹിറ്റ് ചിത്രമായ ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ഹൈവാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു ഇവർ. മോഹൻലാലിന്റെ അന്ധനായകൻ ജയരാമന്റെ വേഷം ഹിന്ദിയിൽ അക്ഷയ് കുമാറാണ് അവതരിപ്പിക്കുന്നത്. ചിത്രീകരണത്തിന് ഇന്നലെ കൊച്ചിയിൽ തുടക്കമിട്ടു.

17 വർഷത്തി​ന് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി​ ഖാനും ഒന്നി​ച്ച് അഭി​നയി​ക്കുന്നുവെന്ന പ്രത്യേകതയും ഈ ചി​ത്രത്തി​നുണ്ട്. 2008ൽ റി​ലീസ് ചെയ്ത തഷാനിലായിരുന്നു ഇവർ ഒടുവിൽ ഒന്നിച്ചത്. പ്രിയദർശന്റെ നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള ബോളിവുഡിലെ മുതിർന്ന ഹാസ്യതാരം അസ്രാണിയും ഹൈവാനിൽ പ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ഹയ്‌വാന്റെ നിർമ്മാണം.