ആർമി ടവർ: സിംഗിൾബെഞ്ച് ഉത്തരവിൽ ഭേദഗതിയുണ്ടാകും
കൊച്ചി: ബലക്ഷയത്തിലായ വൈറ്റില ചന്ദേർകുഞ്ജ് ആർമി ടവറുകൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ചില ഭേദഗതികൾ ഉണ്ടാകുമെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ച് സൂചിപ്പിച്ചു. അപ്പാർട്ട്മെന്റിലെ താമസക്കാരനായ റിട്ട.കേണൽ സിബി ജോർജ് അടക്കം നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്.
വൈറ്റില സിൽവർസാൻഡ് ഐലൻഡിലെ സമുച്ചയത്തിലെ ബി, സി ടവറുകൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി അന്തേവാസികളെ ഈ മാസം ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തുടർന്ന് ഇതേസ്ഥലത്ത് പുതിയ ടവറുകൾ പണിത് അപാർട്ട്മെന്റുകൾ കൈമാറും. അതുവരെ അന്തേവാസികൾക്ക് താത്ക്കാലിക താമസസ്ഥലങ്ങൾ തേടുന്നതിനുള്ള വാടക തുക സിംഗിൾബെഞ്ച് നിശ്ചയിച്ചിരുന്നു. എന്നാൽ വാടകയിൽ കാലാനുസൃത വർദ്ധന വേണമെന്ന് ഉത്തരവിൽ പരാമർശിച്ചിരുന്നില്ല.
മാത്രമല്ല, പുതിയ അപാർട്ടുമെന്റുകൾ കൈമാറും മുമ്പ് ഇത്രയും നാൾ ഉപയോഗിച്ചതിന് ഉടമകളിൽ നിന്ന് അധിക തുക ഈടാക്കുന്ന കാര്യം മേൽനോട്ട സമിതിക്ക് തീരുമാനിക്കാവുന്നതാണെന്നും സിംഗിൾബെഞ്ച് ഉത്തരവിലുണ്ട്. ഇത് രാജ്യത്തെ സേവിച്ച സൈനികരോട് ചെയ്യുന്ന നീതികേടാണെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഈ വിഷയങ്ങളിൽ ഇടപെടലുണ്ടാകുമെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കിയത്. അപ്പീലുകൾ ചൊവ്വാഴ്ച പരിഗണിക്കും.
കരസേനയുടെ നിയന്ത്രണത്തിലുള്ള ആർമി വെൽഫയർ ഹൗസിംഗ് ഓർഗനൈസേഷനിൽ നിന്നാണ് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും തുക ഈടാക്കുക
. രണ്ടു ടവറുകൾ പൊളിച്ച് പുനർനിർമ്മിക്കാനും വാടകയ്ക്കും മറ്റുമായി 170 കോടി രൂപ നൽകുമെന്ന് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
നിർമ്മാണ തകരാർ മൂലം ബലക്ഷയം നേരിടുന്ന 29 നിലകൾ വീതമുള്ള ബി, സി ടവറുളിൽ 208 അപ്പാർട്ട്മെന്റുകളാണുള്ളത്.
14 നിലയുള്ള എ ടവറിന് കുഴപ്പമില്ല. ബി, സി ടവറുകളിലെ പകുതിയിലേറെ താമസക്കാർ ഒഴിഞ്ഞിട്ടുണ്ട്.
നിർമ്മാണത്തകരാർ മൂലമാണ് ആറാം വർഷം രണ്ടു ടവറുകളും തകർച്ചാഭീഷണിയിലായത്.