ആറു വയസുകാരൻ പനി ബാധിച്ച് മരിച്ചു
Sunday 24 August 2025 2:44 AM IST
മൂന്നാർ: ആറു വയസുകാരൻ പനി ബാധിച്ച് മരിച്ചു. ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി കൂടലാർകുടിയിൽ മൂർത്തി-ഉഷ ദമ്പതികളുടെ മകൻ കാർത്തിക് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിക്ക് പനി തുടങ്ങിയത്. പനി കൂടിയതിനെത്തുടർന്ന് മാങ്കുളത്തെ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. ഇതിനായി ആനക്കുളം വരെയുള്ള 10 കിലോമീറ്റർ കാട്ടിലൂടെ കാൽനടയായി സഞ്ചരിക്കണം. ഇതിന് രണ്ട് മണിക്കൂറിലധികം വേണ്ടിവന്നു. കുട്ടിയെ തുണിമഞ്ചൽ കെട്ടി ചുമന്നാണ് ഇത്രയും ദൂരം എത്തിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനാൽ അടിമാലി താലൂക്കാശുപത്രിയിലേക്ക് റഫർ ചെയ്തു. വഴിമദ്ധ്യേ കുട്ടി മരിക്കുകയായിരുന്നു.