കേരളത്തിലേക്ക് നിക്ഷേപ ഒഴുക്കെന്ന് പിണറായി വിജയൻ

Sunday 24 August 2025 1:49 AM IST
കൊച്ചി കളമശേരിയിൽ അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

അദാനി ലോജിസ്റ്റിക്‌സ് പാർക്കിന്റെ നിർമ്മാണം തുടങ്ങി

കൊച്ചി: രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹ്യദ കേന്ദ്രമായ കേരളം വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശേരിയിൽ അദാനി ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 600 കോടി രൂപയുടെ നിക്ഷേപമുള്ള ലോജിസ്റ്റിക്‌സ് പാർക്കിൽ വിപുലമായ തൊഴിലവസരങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ സംരംഭക വർഷം പദ്ധതിയിലൂടെ 3.75 ലക്ഷം സംരംഭങ്ങളും 23,000 കോടി രൂപയുടെ നിക്ഷേപവും ഏഴര ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടായി. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനിഷ്, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സി.ഇ.ഒ അശ്വനി ഗുപ്ത, അദാനി അഗ്രി ലോജിസ്റ്റിക്‌സ് ബിസിനസ്സ് മേധാവി പങ്കജ് ഭരദ്വാജ് തുടങ്ങിയവർ പങ്കെടുത്തു.