പഴയ വാഹനങ്ങൾക്ക് വലിയവില നൽകേണ്ടിവരും, റീരജിസ്ട്രേഷൻ ഫീസ് കുത്തനേ കൂട്ടി
തിരുവനന്തപുരം: പഴയ വാഹനങ്ങൾക്കുള്ള റീ രജിസ്ട്രേഷൻ ഫീസിൽ വൻവർദ്ധന വരുത്തി. കേന്ദ്രവിജ്ഞാപന പ്രകാരം ആഗസ്റ്റ് 20 മുതൽ പ്രാബല്യമുണ്ട്. ഈ ദിവസങ്ങളിൽ രജിസ്ട്രേഷൻ പുതുക്കിയ വാഹനങ്ങൾ വർദ്ധിപ്പിച്ച ഫീസ് അടയ്ക്കേണ്ടിവരും.
20 വർഷത്തിന് മേൽ പഴക്കമുള്ള ഇരുചക്രവാഹനങ്ങൾക്കുള്ള ഫീസ് 500 രൂപയിൽ നിന്നും 2000 രൂപയാക്കി. 1500 രൂപയുടെ വർദ്ധന. നാലുചക്രവാഹനങ്ങൾക്ക് 800 രൂപയിൽ നിന്നു 10,000 രൂപയാക്കി.9,200 രൂപ അധികമായി നൽകണം.
ഓട്ടോറിക്ഷകൾക്ക് 800 രൂപയ്ക്കു പകരം 5000 രൂപ നൽകണം. കഴിഞ്ഞ ബഡ്ജറ്റിൽ പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാന സർക്കാർ ഇരട്ടിയാക്കിയിരുന്നു. അതിനു പുറമെയാണ് ഈ പ്രഹരം.
ഓൾട്ടോ, മാരുതി 800 പോലുള്ള ചെറുകാറുകളുടെ രജിസ്ട്രേഷൻ പുതുക്കണമെങ്കിൽ ഫീസും റോഡ് നികുതിയുമായി 20,000 രൂപയോളം ചെലവിടേണ്ടിവരും. ഇവയ്ക്കുള്ള ഹരിത നികുതി 400 ൽ നിന്ന് അടുത്തിടെ 600 രൂപയായി വർദ്ധിപ്പിച്ചിരുന്നു. ഒട്ടോമെറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ നിലവിൽ വരുമ്പോൾ ടെസ്റ്റിംഗ് ഫീസുകൂടി നൽകേണ്ടിവരും. അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനുമായി ചെലവിടേണ്ട തുക കൂടി പരിഗണിക്കുമ്പോൾ വാഹനത്തിന്റെ വിപണി മൂല്യത്തെക്കാൾ ചെലവിടേണ്ടിവരും.
15 വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നുവെങ്കിലും ഹൈക്കോടതി താത്കാലികമായി വിലക്കിയതിനാൽ നടപ്പായിട്ടില്ല. രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളിൽ നിന്നു ദിവസം കണക്കാക്കി പിഴ ഈടാക്കുന്ന രീതിയാണ് കേന്ദ്രം ആവിഷ്കരിച്ചത്. പിഴ ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്നും കേന്ദ്രം അതിലേക്ക് കടന്നുകയറുകയാണെന്നും ആരോപിച്ചാണ് വാഹന ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. അന്തിമ തീർപ്പാകുന്നതുവരെ പഴയ ഫീസ് അടച്ചാൽ മതിയാകും. ഇരുചക്രവാഹനങ്ങൾക്ക് 500 ൽ നിന്നു 1000 രൂപയായും, ഓട്ടോറിക്ഷകൾക്ക് 800 ൽ നിന്നു 2000 രൂപയായും, നാലുചക്രവാഹനങ്ങൾക്കും 800 ൽ നിന്നു 5000 രൂപയായിട്ടും വർദ്ധിപ്പിച്ചിരുന്നു. ഉയർന്ന ഫീസ് ഈടാക്കാൻ കോടതി അനുവദിച്ചാൽ ഇതുവരെ രജിസ്ട്രേഷൻ പുതുക്കിയ വാഹനങ്ങൾക്കെല്ലാം അധിക തുക അടയ്ക്കേണ്ടിവരും.
നേട്ടം സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരാണ് നിരക്ക് വർദ്ധിപ്പിച്ചതെങ്കിലും നേട്ടം സംസ്ഥാന സർക്കാരിനാണ്. തുക സംസ്ഥാന ഖജനാവിലേക്കാണ് വരുന്നത്.