കേരളത്തിൽ 250 മെഡിക്കൽ സീറ്റ് വർദ്ധിപ്പിച്ചേക്കും
കൊച്ചി: സർക്കാർ കോളേജുകളിൽ എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാഡ്വേറ്റ് വിഭാഗങ്ങളിലായി ഈ അദ്ധ്യയന വർഷം രാജ്യത്ത് 8,000 സീറ്റുകൾ അധികം അനുവദിക്കും. കേരളത്തിന് 150 മുതൽ 250 വരെ സീറ്റ് ലഭിച്ചേക്കും.പുതുതായി അനുവദിക്കുന്ന സീറ്റുകളുടെ കൂടി അടിസ്ഥാനത്തിലാകും നീറ്റ് യു.ജി രണ്ടാം ഘട്ടം, പി.ജി കൗൺസലിംഗ്. ഇതിന്റെ ഭാഗമായി, ഓൾ ഇന്ത്യ ക്വാട്ട യു.ജി രണ്ടാംഘട്ട കൗൺസലിംഗ് ആരംഭിക്കുന്നത് 29ലേക്ക് നീട്ടി. വിശദ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) അറിയിച്ചു.
ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കും. അധിക സീറ്റുകൾ അനുവദിക്കാൻ സാദ്ധ്യതയുള്ള മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യം, ഫാക്കൽറ്റി തുടങ്ങിയവ എൻ.എം.സി പരിശോധിച്ചു വരികയാണ്. അധിക സീറ്റുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി ചില പ്രധാന സർക്കാർ ആശുപത്രികളെ മെഡിക്കൽ കോളേജുകളായി ഉയർത്തുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. കേരളത്തിൽ ഈ അദ്ധ്യയന വർഷത്തെ എം.ബി.ബി.എസ് ക്ലാസുകൾ രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയാകുന്നതോടെ ആരംഭിക്കും.
രാജ്യത്തെ എം.ബി.ബി.എസ്,
പി.ജി സീറ്റുകൾ:
സർക്കാർ കോളേജ്: 59782, 30029
സ്വകാര്യ കോളേജ്: 58316, 23,931