ഉറപ്പ് കിട്ടി, മെസിയും സംഘവും കേരളത്തിൽ വരും

Sunday 24 August 2025 12:21 AM IST

തിരുവനന്തപുരം: കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും വിരാമം. ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായ സാക്ഷാൽ ലയണൽ മെസിയും സംഘവും ഒടുവിൽ കേരളത്തിൽ എത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരണം. നവംബറിൽ അർജന്റീന ഫുട്ബോൾ ടീം സൗഹൃദ മത്സരത്തിനായി കേരളത്തിലെത്തും. 10നും 18നും ഇടയിലായിരിക്കും മത്സരം. ഫിഫ റാങ്കിംഗിൽ ആദ്യ 50 സ്ഥാനത്തുള്ള ടീമായിരിക്കും എതിരാളികൾ. കൊച്ചിയോ തിരുവനന്തപുരമോ ആയിരിക്കും വേദി. അർജന്റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി.അബ്‌ദുറഹിമാനും അറിയിച്ചു. കേരത്തിനുപുറമേ യു.എസ്,​ അംഗോള എന്നിവിടങ്ങളിലും അർജന്റീന ടീം സൗഹൃദ മത്സരം കളിക്കുന്നുണ്ട്. സ്പോൺസർ തുക സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഏറെ നാൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.