അതിദാരിദ്ര്യ നിർമ്മാർജ്ജനം: 3613പേർക്ക് സർക്കാർ വീട് വാങ്ങി നൽകും
രണ്ട് കിടപ്പുമുറികളുള്ള വീട്
തിരുവനന്തപുരം : സംസ്ഥാനത്തെ 3613 അതിദരിദ്ര കുടുംബങ്ങൾക്ക് വീടും സ്ഥലവും സർക്കാർ വാങ്ങി നൽകും.
മൂന്നു സെന്റിൽ കുറയാത്ത സ്ഥലത്ത് 400ചതുരശ്ര അടിയിൽ കുറയാത്ത തറവിസ്തീർണമുള്ള വീട് കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി. 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത വീടുകളാണ് വാങ്ങുന്നത്. പഞ്ചായത്തുകളിൽ ആറുലക്ഷം, മുൻസിപ്പാലിറ്റിയിൽ 6.70 ലക്ഷം, കോർപറേഷനിൽ 9.25ലക്ഷം എന്നിങ്ങനെയാണ് ചെലവഴിക്കുന്നത്. രണ്ട് കിടപ്പുമുറി, അടുക്കള, ഡ്രോയിംഗ്, ഡൈനിംഗ് റൂം, ടോയ്ലറ്റ്,സെപ്റ്റിക് ടാങ്ക് എന്നിവയുണ്ടെന്ന് ഉറപ്പാക്കണം. നവംബർ ഒന്നിന് മുമ്പ് വീടുകൾ വാങ്ങി കൈമാറണം.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി 64006 അതിദരിദ്രരെ കണ്ടെത്തിയിരുന്നു. ഇതിൽ 3613 പേർക്കാണ് വീട് ഉറപ്പാക്കാൻ കഴിയാത്തത്.
നവംബർ ഒന്നിന് കേരളത്തെ അതിദരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
അതിന് മുമ്പ് ഈ കുടുംബങ്ങൾ അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ താമസമാകണം. സ്ഥലം വാങ്ങി വീടുവയ്ക്കാനായിരുന്നു പദ്ധതിയെങ്കിലും അത് നടപ്പാകാതെ വന്നതോടെയാണ് വീടുള്ളസ്ഥലം വാങ്ങാൻ തീരുമാനിച്ചത്.
തട്ടിക്കൂട്ട് വേണ്ട,
സാക്ഷ്യപത്രം വേണം
(സർക്കാർ നിർദ്ദേശങ്ങൾ)
വസ്തുവിലേക്ക് വഴിസൗകര്യം നിർബന്ധം,വെള്ളക്കെട്ടോ,ചതുപ്പോ പാടില്ല.
വയറിംഗും പബ്ലിംഗും പൂർത്തിയായിരിക്കണം,തറ സിമെന്റ് കോൺക്രീറ്റായിരിക്കണം.
മേൽക്കൂര കോൺക്രീറ്റ്,സീറ്റീലിലോ തടിയിലോ തീർത്ത ഫ്രെമിൽ ഓട് പാകിയത്.
തദ്ദേശസ്ഥാപനത്തിന്റെ കെട്ടിടനമ്പരും തദ്ദേശ എൻജിനിയറുടെ സാക്ഷ്യപത്രവും വേണം.